വാഷിങ്ടൺ: കോവിഡ് പൊട്ടിപ്പുറപ്പെട്ട് ഒരുകൊല്ലത്തിലേറെ പിന്നിടുമ്പോൾ യു.എസിൽ മരണസംഖ്യ അഞ്ചുലക്ഷം പിന്നിട്ടു. ജോൺ ഹോപ്കിൻസ് സർവകലാശാല പുറത്തുവിട്ട കണക്കുപ്രകാരം 5.1 ലക്ഷം പേരാണ് ഇതുവരെ മരിച്ചത്. 1918-ലെ ഇൻഫ്ലുവെൻസ ബാധയ്ക്കുശേഷം ഇത്രയും പേർ മരിക്കാനിടയായ ഒരസുഖം രാജ്യം നേരിട്ടിട്ടില്ലെന്ന് പകർച്ചവ്യാധി വിഭാഗം വിദഗ്ധൻ ഡോ. ആന്റണി ഫൗസി ചൂണ്ടിക്കാട്ടുന്നു. ജനുവരിയിലാണ് മരണം നാലുലക്ഷം കവിഞ്ഞത്. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിരുത്തരവാദിത്വമാണ് രാജ്യത്ത് കോവിഡ് കൈവിട്ടുപോവാൻ കാരണമെന്ന് വിലയിരുത്തപ്പെടുന്നു. അതേസമയം, മരിച്ചവർക്കായി തിങ്കളാഴ്ച വൈറ്റ്ഹൗസിൽ അനുസ്മരണവും മൗനപ്രാർഥനയും നടന്നു.
പ്രസിഡന്റ് ജോ ബൈഡൻ, പ്രഥമവനിത ജിൽ ബൈഡൻ, വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, ഭർത്താവ് ഡഗ് എംഹോഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 2020 ഫെബ്രുവരി ആദ്യമാണ് യു.എസിൽ ആദ്യമായി കോവിഡ് മരണം റിപ്പോർട്ട് ചെയ്തത്. നാലുമാസംകൊണ്ട് മരണം ഒരുലക്ഷമായി. സെപ്റ്റംബറിൽ രണ്ടും ഡിസംബറിൽ മൂന്നും ലക്ഷമായി. 2.8 കോടിപ്പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
പ്രതിഷേധങ്ങൾക്കിടെ ഓസ്ട്രേലിയയിൽ വാക്സിനേഷൻ തുടങ്ങി
കാൻബെറ: രാജ്യവ്യാപകമായി കോവിഡ് പ്രതിരോധ കുത്തിവെപ്പിനെതിരേ നടക്കുന്ന പ്രക്ഷോഭം മറികടന്ന് ഓസ്ട്രേലിയയിൽ തിങ്കളാഴ്ച വാക്സിനേഷൻ തുടങ്ങി. ആദ്യഡോസ് സ്വീകരിച്ചുകൊണ്ട് പ്രധാനമന്ത്രി സ്കോട്ട് മോറിസണ് കുത്തിവെപ്പുപദ്ധതി ഉദ്ഘാടനം ചെയ്തത്. ആദ്യഘട്ടത്തിൽ ഒരാഴ്ചകൊണ്ട് 60,000 പേർക്കാണ് വാക്സിൻ നൽകുക.
Content Highlights: U.S. reaches 500,000 deaths from the coronavirus