വാഷിങ്ടൺ: അമേരിക്കയിൽ 20 കോടി വാക്സിൻ ഡോസുകൾ വിതരണംചെയ്തതായി പ്രസിഡന്റ് ജോ ബൈഡൻ. നിശ്ചയിച്ച സമയത്തിനുംമുമ്പേ ലക്ഷ്യം പൂർത്തിയായതായും അദ്ദേഹം വ്യക്തമാക്കി. അധികാരമേറ്റെടുത്ത് 100 ദിവസത്തിനുള്ളിൽ 20 കോടി ഡോസ് വാക്സിൻ നൽകുമെന്ന് ബൈഡൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇതിന്‌ ഒരാഴ്ചമുമ്പേതന്നെ ലക്ഷ്യത്തിൽ എത്തിച്ചേരാനായതായി ബൈഡൻ ടെലിവിഷൻ പ്രഭാഷണത്തിൽ വ്യക്തമാക്കി.

അവിശ്വസനീയമായ നേട്ടമാണ് രാജ്യം സ്വന്തമാക്കിയതെന്നും അമേരിക്കൻ ചരിത്രത്തിലെ തിളക്കമേറിയ അധ്യായമാണ് വമ്പൻ വാക്സിൻ വിതരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാക്സിൻ സ്വീകരിക്കുന്നതിനായി ജീവനക്കാർക്ക് ഒരുദിവസം അവധിനൽകുന്ന കച്ചവടസ്ഥാപനങ്ങൾക്ക് നികുതിയിളവ് നൽകുമെന്നും ബൈഡൻ പ്രഖ്യാപിച്ചു.

രാജ്യത്തിൻറെ വിവിധഭാഗങ്ങളിൽ രോഗബാധിതരുടെ എണ്ണമുയരുന്നുണ്ട്. അതിനാൽ വിജയം പ്രഖ്യാപിക്കാറായിട്ടില്ലെന്നും എല്ലാവരും ജാഗ്രത തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാക്സിൻവിതരണത്തിൽ മുന്നിലാണെങ്കിലും യു.എസിൽ രോഗബാധിതരുടെ എണ്ണം ഗണ്യമായി ഉയരുന്നുണ്ട്. ഇതിനകം മൂന്നുകോടി 26 ലക്ഷം പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മിഷിഗൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ രോഗബാധ വർധിക്കുന്നത് ആശങ്കകൾക്കിടയാക്കുന്നുണ്ട്. വാക്സിൻവിതരണം വ്യാപകമായതോടെ പ്രതിദിനമരണങ്ങളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ഇതുവരെ അഞ്ചുലക്ഷത്തി എൺപത്തിമൂവായിരം പേരാണ് രാജ്യത്ത് രോഗബാധിതരായി മരിച്ചത്.