ജറുസലേം: പലസ്തീനുമായുള്ള നയതന്ത്രബന്ധത്തിൽ കൂടുതൽ വിള്ളൽവീഴ്ത്തി ജറുസലേമിലെ കോൺസുലേറ്റിന്റെ പ്രവർത്തനം യു.എസ്. തിങ്കളാഴ്ച അവസാനിപ്പിച്ചു. പലസ്തീൻകാർ നയതന്ത്രകാര്യങ്ങൾക്ക് സമീപിച്ചിരുന്ന കോൺസുലേറ്റിനെ ജറുസലേം എംബസിയുടെ ഭാഗമാക്കാനാണ് തീരുമാനം.

ജറുസലേമിനെ ഇസ്രയേൽതലസ്ഥാനമായി അംഗീകരിച്ച് ടെൽ അവീവിലെ എംബസി കഴിഞ്ഞവർഷമാണ് യു.എസ്. അങ്ങോട്ടുമാറ്റിയത്. ഈ എംബസിയിൽ കോൺസുലേറ്റിന്റെ പ്രവർത്തനം ലയിപ്പിക്കാനാണ് തീരുമാനം. ഇതുവരെ കോൺസുലേറ്റുവഴി പലസ്തീൻകാർക്ക് നേരിട്ട് വാഷിങ്ടണുമായി ബന്ധംപുലർത്താൻ കഴിഞ്ഞിരുന്നു. ഇസ്രയേലിലെ യു.എസ്. അംബാസഡർ ഡേവിഡ് ഫ്രൈഡ്മാനുകീഴിൽ പ്രവർത്തിക്കുന്ന പലസ്തീൻ അഫേഴ്സ് യൂണിറ്റുവഴിയാണ് ഇനി പലസ്തീന് വാഷിങ്ടണുമായുള്ള നയതന്ത്രബന്ധം സാധ്യമാകുകയുള്ളൂ.

ജൂതന്മാരും മുസ്‍ലിങ്ങളും ക്രിസ്ത്യാനികളും പുണ്യനഗരമായി കാണുന്ന ജറുസലേമിൽ 175 വർഷം മുമ്പാണ് യു.എസ്. കോൺസുലേറ്റ് ആരംഭിച്ചത്. ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിയെ ശക്തമായി എതിർത്ത പലസ്തീൻ, പുതിയ തീരുമാനത്തെയും അവർക്കെതിരായ നീക്കമായാണ് വിലയിരുത്തുന്നത്. അതേസമയം, പ്രവർത്തനസൗകര്യം മുൻനിർത്തിയാണ് തീരുമാനമെന്നും നയപരമായ മാറ്റമല്ലെന്നും യു.എസ്. വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

content highlights: U.S. Closes Jerusalem Consulate