വാഷിങ്ടൺ: അഫ്ഗാനിസ്താനിൽ സുരക്ഷാസേനയെ സഹായിക്കാൻ താലിബാൻ ഭീകരർക്കെതിരായി വ്യോമാക്രമണം നടത്തിയതായി യു.എസ്. പ്രതിരോധമന്ത്രാലയം. രാജ്യത്തിന്റെ നിയന്ത്രണം താലിബാൻ പിടിച്ചെടുക്കാൻ സാധ്യതയുണ്ടെന്ന യു.എസ്. ജോയന്റ് ചീഫ് ഓഫ് സ്റ്റാഫ് തലവൻ ജനറൽ മാർക്ക് മില്ലിയുടെ പ്രതികരണത്തിനു തൊട്ടുപിന്നാലെയാണ് ഒൗദ്യോഗിക പ്രഖ്യാപനം വന്നത്.

അക്രമണത്തിന്റെ തന്ത്രപരമായ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്നും അഫ്ഗാൻ സൈന്യത്തിനുള്ള സഹായം തുടരുമെന്നും മന്ത്രാലയം പ്രസ് സെക്രട്ടറി ജോൺ കിർബി പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടയിൽ ഏഴോളം വ്യോമാക്രമണങ്ങൾ യു.എസ്. സൈന്യം നടത്തിയതായി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സി.എൻ.എൻ. റിപ്പോർട്ട് ചെയ്യുന്നു.

അഫ്ഗാനിൽനിന്നുള്ള യു.എസ്. സൈനിക പിന്മാറ്റം ഓഗസ്റ്റ് 31-ന് പൂർത്തിയാകും. ഇതുവരെ 95 ശതമാനം സൈന്യത്തെയും പിൻവലിച്ചതായി യു.എസ്. അധികൃതർ വ്യക്തമാക്കി. നയതന്ത്രകാര്യാലയത്തിന് സുരക്ഷ നൽകാനായി വിനിയോഗിച്ചവർ ഉൾപ്പെടെ 650-ഓളം യു.എസ്. സൈനികരാണ് രാജ്യത്ത് ഇപ്പോൾ അവശേഷിക്കുന്നത്. സൈനിക പിന്മാറ്റം പൂർണമായാലും കാബൂൾ അന്താരാഷ്ട്ര വിമാനത്താവളത്തിന് സുരക്ഷയൊരുക്കുന്നതിന് ഉൾപ്പെടെ ചെറിയൊരു സംഘം രാജ്യത്ത് തുടരുമെന്ന് പ്രതിരോധമന്ത്രി ലോയ്ഡ് ഓസ്റ്റിൻ വ്യക്തമാക്കിയിട്ടുണ്ട്.

ഗനിയെ മാറ്റാതെ സമാധാന ഉടമ്പടിക്കില്ലെന്ന് താലിബാൻ

ഇസ്‌ലാമാബാദ്: അഫ്ഗാനിസ്താൻ പ്രസിഡന്റ് അഷ്റഫ് ഗനിയെ മാറ്റാതെ സർക്കാരുമായി സമാധാന ചർച്ചകൾക്കില്ലെന്ന് താലിബാൻ. ഗനി സർക്കാരിനെ നീക്കം ചെയ്ത് ചർച്ചകൾക്ക് സ്വീകാര്യമായ പുതിയ ഭരണകൂടം അഫ്ഗാനിൽ നിലവിൽ വന്നതിനുശേഷം മാത്രമാകും താലിബാൻ ആയുധം താഴെ വെക്കുന്നതെന്ന് വക്താവ് സുഹൈൽ ഷഹീൻ പറഞ്ഞു.

സമാധാന ചർച്ചകൾക്കായി താലിബാൻ നിയോഗിച്ച സംഘത്തിലെ അംഗമാണ് സുഹൈൽ. അധികാരം കുത്തകയാക്കുന്നതിൽ വിശ്വസിക്കുന്നില്ലെന്നും താലിബാന്റെ മുൻ ഭരണകാലത്തെ നിലപാടുകൾ ആവർത്തിക്കാൻ ഇഷ്ടപെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യു.എസ്. സൈന്യത്തിൻറെ അഫ്ഗാൻ പരിഭാഷകനെ താലിബാൻ വധിച്ചു

കാബൂൾ: യു.എസ്. സൈന്യത്തോടൊപ്പം പ്രവർത്തിക്കുകയായിരുന്ന അഫ്ഗാൻ പരിഭാഷകനെ താലിബാൻ തലയറുത്തു കൊന്നു. സൊഹൈൽ പർദിസാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മേയ് 12-നാണ് അദ്ദേഹം കൊല്ലപ്പെട്ടതെങ്കിലും വിവരം ഇപ്പോഴാണ് പുറത്തുവന്നത്. സൊഹൈൽ സഞ്ചരിച്ച കാർ ഭീകരർ വെടിവെച്ച് തടഞ്ഞ് അദ്ദേഹത്തെ തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നു. 16 മാസത്തോളമാണ് സൊഹൈൽ യു.എസ്. സൈന്യത്തോടൊപ്പം പ്രവർത്തിച്ചത്. ജൂണിൽ വിദേശ സേനകൾക്കപ്പം പ്രവർത്തിച്ച അഫ്ഗാനികളെ ഉപദ്രവിക്കില്ലെന്ന് താലിബാൻ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.