വാഷിങ്ടൺ/ലണ്ടൻ: അധികാരമേറ്റെടുത്തതിനുശേഷം യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ ആദ്യമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി നടത്തിയ ഫോൺസംഭാഷണത്തിൽ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ പങ്കാളിത്തത്തിന് തീരുമാനമായി. കാലാവസ്ഥാവ്യതിയാനത്തിനെതിരായ പ്രവർത്തനങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കാനും നാറ്റോ സഖ്യം ശക്തിപ്പെടുത്താനും ഇരുനേതാക്കളും തമ്മിൽ ധാരണയായിട്ടുണ്ട്.
ബുധനാഴ്ച സ്ഥാനമേറ്റശേഷം ബൈഡൻ ഫോണിലൂെട സംസാരിക്കുന്ന മൂന്നാമത്തെ രാഷ്ട്രനേതാവാണ് ജോൺസൺ. ‘കോവിഡിൽനിന്നും സുരക്ഷിതമായ വീണ്ടെടുക്കലിന് ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ശക്തിപ്പെടുത്താൻ തീരുമാനിച്ചതായി’ ജോൺസൺ ട്വീറ്റിൽ വ്യക്തമാക്കി.
വ്യാപാരക്കരാറുകൾ പരിഗണനയിലില്ലെന്നും നിലനിൽക്കുന്ന നയതന്ത്ര പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുൻഗണന നൽകുന്നുണ്ടെന്നും ബ്രിട്ടീഷ് സർക്കാർ വക്താവ് അറിയിച്ചു. നയതന്ത്രബന്ധത്തിന് പുതുജീവൻ നൽകാൻ ബൈഡൻ ലക്ഷ്യമിടുന്നതായി വൈറ്റ് ഹൗസ് വക്താവ് വ്യക്തമാക്കി.
Content Highlights: U.S. and Britain in a joint fight against covid 19