വാഷിങ്ടൺ: ചൈനീസ് വീഡിയോ ഷെയറിങ് ആപ്ലിക്കേഷനായ ടിക്‌ ടോക് ഏറ്റെടുക്കാൻ അമേരിക്കയിലെ ടെക് ഭീമനായ ട്വിറ്റർ ചർച്ചനടത്തിയതായി റിപ്പോർട്ട്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച ആപ്ലിക്കേഷനാണ് ടിക് ടോക്. ഈനീക്കവുമായി ട്വിറ്റർ മുന്നോട്ടുപോവുമോ എന്നതിൽ വ്യക്തതയില്ല.

ടിക്‌ ടോക് നിരോധിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ഓഗസ്റ്റ് ആറിലെ ഉത്തരവാണ് ഇതിന് ഏറ്റവുംവലിയ വെല്ലുവിളിയാവുക. ടിക് ടോക്കിനെ ഏറ്റെടുക്കാൻ തങ്ങൾ സജീവമായി രംഗത്തുണ്ടെന്ന് മൈക്രോസോഫ്റ്റ് നേരത്തേ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിൽ പ്രാഥമികചർച്ചകൾമാത്രമേ നടന്നിട്ടുള്ളൂ എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തുന്നത്.

2900 കോടി ഡോളറാണ് ട്വിറ്ററിന്റെ വിപണി മൂലധനം. മൈക്രോസോഫ്റ്റിന്റേത് 1.6 ലക്ഷം കോടി ഡോളറും. അതുകൊണ്ടുതന്നെ ടിക് ടോക് ഏറ്റെടുക്കാൻ ട്വിറ്ററിന് മറ്റുനിക്ഷേപകരിൽനിന്നുള്ള സഹായം വേണ്ടിവരും.

Content Highlights: Twitter Tik Tok