യുണൈറ്റഡ് നേഷൻസ്: ഐക്യരാഷ്‌ട്രസഭയിൽ (യു.എൻ.) കശ്മീർ വിഷയം വീണ്ടും ഉന്നയിച്ച് തുർക്കി പ്രസിഡൻറ് രജപ് തയ്യിപ് ഉർദുഗാൻ. ചൊവ്വാഴ്ച‌ യു.എൻ. പൊതുസഭാസമ്മേളനത്തിലാണ് ഉർദുഗാൻറെ പരാമർശം. കഴിഞ്ഞ 74 കൊല്ലങ്ങളായി കശ്മീരിൽ നിലനിൽക്കുന്ന പ്രശ്നം യു.എൻ. പ്രമേയങ്ങളുടെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ടും ചർച്ചയിലൂടെയും പരിഹരിക്കണമെന്ന നിലപാട് തുടരുന്നുവെന്നാണ് ഉർദുഗാൻ പറഞ്ഞത്. പാകിസ്താനുമായി അടുത്ത ബന്ധം പുലർത്തുന്ന രാജ്യമാണ് തുർക്കി. എന്നാൽ, കശ്മീർ വിഷയത്തിൽ മൂന്നാം രാജ്യത്തിന്റെ ഇടപെടൽ ആവശ്യമില്ലെന്ന് ഇന്ത്യ നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞകൊല്ലവും യു.എൻ. പൊതുസംവാദത്തിൽ ഉർദുഗാൻ കശ്മീർ വിഷയം കൊണ്ടുവന്നിരുന്നു. ചരിത്രമോ വസ്തുതകളോ അറിയാതെയാണ് ഉർദുഗാന്റെ പ്രസ്താവനയെന്നും രാജ്യത്തിന്റെ പരമാധികാരത്തെ ബഹുമാനിക്കാൻ അദ്ദേഹം തയ്യാറാകണമെന്നും ഇന്ത്യ മറുപടിയും നൽകി.