ബാങ്കോക്ക്: ആസിയാൻ ഉച്ചകോടിയിൽനിന്ന് തുടർച്ചയായ രണ്ടാംവർഷവും യു.എസ്. പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് വിട്ടുനിന്നു. പകരം വാണിജ്യമന്ത്രി വിൽബുർ റോസും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഒബ്രിയാനുമാണ് ഉച്ചകോടിയിൽ യു.എസിനെ പ്രതിനിധാനംചെയ്ത് പങ്കെടുത്തത്. 2018-ൽ മനിലയിൽനടന്ന സമ്മേളനത്തിലും ട്രംപ് പങ്കെടുത്തിരുന്നില്ല.
ആസിയാൻ സമ്മേളനത്തോടനുബന്ധിച്ചുനടന്ന യു.എസ്.-ആസിയാൻ യോഗത്തിൽ ട്രംപിന്റെ സന്ദേശം ഒബ്രിയാൻ വായിച്ചു. ആസിയാൻനേതാക്കളെ അടുത്തവർഷം താനുമായുള്ള പ്രത്യേകസമ്മേളനത്തിൽ പങ്കെടുക്കാൻ യു.എസിലേക്ക് ക്ഷണിക്കുകയാണെന്ന് ട്രംപ് കത്തിൽപറഞ്ഞു.
എഷ്യാ-പസഫിക് വ്യാപാരക്കരാറിൽനിന്ന് യു.എസ്. പിന്മാറിയതോടെ മേഖലയിൽനിന്ന് ട്രംപ് മുഖംതിരിക്കുകയാണെന്ന് ഇതിനിടെ ആരോപണമുയർന്നിട്ടുണ്ട്. എന്നാൽ, ആരോപണം ഒബ്രിയാൻ തള്ളി. ഏഷ്യയിലെ സഖ്യകക്ഷികൾക്ക് ട്രംപ് ഭരണകൂടം തുറന്ന പിന്തുണയാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആസിയാൻ അംഗങ്ങളായ തായ്ലാൻഡ്, വിയറ്റ്നാം, ലാവോസ് എന്നീ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾമാത്രമാണ് യോഗത്തിൽ പങ്കെടുത്തത്. ഏഴ് അംഗരാജ്യങ്ങൾ വിട്ടുനിന്നു.
Content Highlights: Trump skips Aziyan summit for the second time