വാഷിങ്ടൺ: അമേരിക്കൻപ്രസിഡന്റായിരിക്കെ ഡൊണാൾഡ് ട്രംപ് 30,573 തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ചതായി റിപ്പോർട്ട്. ഇതിൽ പകുതിയോളം ഭരണത്തിന്റെ അവസാനകാലത്തായിരുന്നുവെന്നും ‘വാഷിങ്ടൺ പോസ്റ്റി’ന്റെ ഫാക്ട് ചെക്കർ സംഘം കണ്ടെത്തുന്നു.

ജനുവരി ആറിന്‌ യു.എസിലെ കാപ്പിറ്റോൾ മന്ദിരത്തിനുനേരെയുണ്ടായ ആക്രമണത്തിൽ 107 കളവുകളോ തെറ്റിദ്ധാരണപരത്തുന്ന പരാമർശങ്ങളോ ആണ് ട്രംപ് നടത്തിയത്. തിരഞ്ഞെടുപ്പിലെ ക്രമക്കേടിനെക്കുറിച്ച് 800 തെറ്റായ അവകാശവാദങ്ങളും അദ്ദേഹം നടത്തിയതായി സംഘം കണ്ടെത്തി.

കോവിഡിലും യു.എസ്. സാമ്പത്തികവ്യവസ്ഥയെക്കുറിച്ചും 2500 വീതവും തനിക്കുനേരെ ഉയർന്ന നികുതിവെട്ടിപ്പ് ആരോപണത്തെക്കുറിച്ച് 800-ഉം തെറ്റായ അവകാശവാദങ്ങൾ ട്രംപ് നടത്തി. കോവിഡ് രോഗബാധ സ്ഥിരീകരിച്ച് ആറുദിവസം ചികിത്സയിലായിരുന്ന കഴിഞ്ഞവർഷം ഒക്ടോബറിൽപോലും 4000 തെറ്റായ വിവരങ്ങൾ ട്രംപ് പങ്കുവെച്ചു. പത്തുവർഷങ്ങളിലേറെയായി, രാഷ്ട്രീയനേതാക്കൾ നടത്തുന്ന വസ്തുതകളിലെ യാഥാർഥ്യങ്ങൾ സംഘം പരിശോധിക്കുന്നുണ്ട്.

Content Highlights: Trump Made 30,573 False Claims