ബെയ്ജിങ്: ഉത്തരകൊറിയന്‍ ആണവപ്രതിസന്ധി പരിഹരിക്കാന്‍ കഠിനമായും വേഗത്തിലും ശ്രമിക്കണമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനോട് അഭ്യര്‍ഥിച്ചു. സമയം അതിവേഗം കടന്നുപോവുകയാണെന്ന് അദ്ദേഹം ഷിയെ ഓര്‍മപ്പെടുത്തി. ഏഷ്യാസന്ദര്‍ശനത്തിന്റെ ഭാഗമായി ബുധനാഴ്ച ചൈനയിലെത്തിയ ട്രംപ്, വ്യാഴാഴ്ച നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ട്രംപിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇരുരാജ്യങ്ങളും 25,000 കോടി ഡോളറിന്റെ (16.24 ലക്ഷം കോടി രൂപ) കരാറൊപ്പിട്ടു. യു.എസ്. വിമാനനിര്‍മാതാക്കളായ ബോയിങ്ങില്‍നിന്ന് 300 വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള 3700 കോടി ഡോളറിന്റെ (2.4 ലക്ഷം കോടി രൂപ) കരാറും ഇതിലുള്‍പ്പെടുന്നു.

യു.എസുമായുള്ള വ്യാപാരത്തില്‍ ചൈനയുടെ ഉയര്‍ന്ന വ്യാപാരമിച്ചത്തെ ട്രംപ് പരസ്യമായി വിമര്‍ശിച്ചു. ചൈനയുടെ നടപടി ഏകപക്ഷീയവും അന്യായവുമാണെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം പൗരന്‍മാര്‍ക്കായി കച്ചവടത്തിലൂടെ നേട്ടമുണ്ടാക്കുന്ന ചൈനയെ പഴിക്കുകയല്ല താനെന്നും അദ്ദേഹം പറഞ്ഞു.

ടിയാനന്‍മെന്‍ ചത്വരത്തോടുചേര്‍ന്ന ഗ്രേറ്റ് ഹാളിലാണ് ഷി സ്വീകരണമൊരുക്കിയത്. ഷിയെ 'വളരെ വേണ്ടപ്പെട്ടയാള്‍' എന്ന് ട്രംപ് വിശേഷിപ്പിച്ചു. ''ഉത്തരകൊറിയന്‍ പ്രശ്‌നം വേഗത്തിലും എളുപ്പത്തിലും ചൈനയ്ക്ക് പരിഹരിക്കാന്‍ കഴിയും. ഷി ജിന്‍പിങ് ഇതിനായി കഠിനമായി ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അദ്ദേഹം കഠിനമായി ശ്രമിച്ചാല്‍ അക്കാര്യം നടക്കും. അതില്‍ സംശയമില്ല'' -ട്രംപ് പറഞ്ഞു.

കൊറിയന്‍മുനമ്പില്‍ ആണവനിരായുധീകരണം സാധ്യമാക്കുന്നതിലുള്ള ഉറച്ച പ്രതിജ്ഞാബദ്ധത ഇരുരാജ്യങ്ങളും ആവര്‍ത്തിച്ചതായി ഷി പറഞ്ഞു. ഉത്തരകൊറിയയുടെ കാര്യത്തിലുള്ള യു.എന്‍. പ്രമേയങ്ങള്‍ നടപ്പാക്കുന്നകാര്യത്തിലും രണ്ടുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

ഉത്തരകൊറിയയ്ക്കുമേലുള്ള യു.എന്‍. ഉപരോധങ്ങളെ ചൈന പിന്തണയ്ക്കുന്നുണ്ട്. എന്നാല്‍, ചൈനീസ് അതിര്‍ത്തിവഴി ഉത്തരകൊറിയ നടത്തുന്ന അനധികൃതവ്യാപാരം അവസാനിപ്പിക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം. ട്രംപ് ആഗ്രഹിക്കുന്നപോലെ ചൈന പ്രവര്‍ത്തിക്കുമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നത്.

പ്രസിഡന്റെന്ന നിലയില്‍ ആദ്യമായി ചൈനയിലെത്തിയ ട്രംപിനെ ആഡംബരപൂര്‍വമാണ് ഷി സ്വീകരിച്ചത്. ടിയാനന്‍മെന്‍ ചത്വരത്തില്‍നിന്നുള്ള ഗാര്‍ഡ് ഓഫ് ഓണറോടെയായിരുന്നു ഔദ്യോഗിക സ്വീകരണം. ആചാരപരമായ പീരങ്കിവെടികളും മുഴക്കി. മനോഹരമായ സ്വീകരണത്തെക്കുറിച്ച് ട്രംപ് ട്വീറ്റ് ചെയ്തു. ചൈനയില്‍ വിലക്കുണ്ടെങ്കിലും ട്വിറ്റര്‍ ഉപയോഗിക്കാന്‍ ട്രംപിന് പ്രത്യേക അനുമതി നല്‍കി.