വാഷിങ്ടൺ: യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പുറത്താക്കാൻ 25-ാം ഭേദഗതി പ്രയോഗിക്കാൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് വിസമ്മതിച്ചതിനു പിന്നാലെ ജനപ്രതിനിധിസഭയിൽ ഇംപീച്ച്മെന്റ് നടപടികൾ തുടങ്ങി. ആറ് റിപബ്ലിക്കൻ അംഗങ്ങൾ ഇംപീച്ച്മെന്റിനെ അനുകൂലിച്ചിട്ടുണ്ട്.
ബുധനാഴ്ചയാണ് കലാപത്തിന് പ്രേരിപ്പിച്ചുവെന്നുകാട്ടി ഡമോക്രാറ്റുകൾക്കു ഭൂരിപക്ഷമുള്ള സഭയിൽ ഇംപീച്ച്മെന്റ് നടപടികളാരംഭിച്ചത്. ജെയ്മി ഹരേര ബ്യൂട്ട്‌ലർ, ഡേൻ ന്യൂഹൗസ്, ജേസൺ ക്രൗ, കോറി ബുഷ് തുടങ്ങിയവരാണ് ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിനെ അനുകൂലിച്ചത്. 2019-ൽ ട്രംപിനെതിരേ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവന്നപ്പോൾ റിപബ്ലിക്കൻ പാർട്ടിയിലെ ഒരംഗം പോലും പിന്തുണച്ചിരുന്നില്ല.
ജനപ്രതിനിധിസഭ പ്രമേയം പാസാക്കിയാൽ അത് സെനറ്റിലെത്തും. സെനറ്റിൽ മൂന്നിൽരണ്ടു ഭൂരിപക്ഷം ലഭിച്ചാൽ ട്രംപിനെതിരേ കുറ്റം ചുമത്താം. 100 അംഗ സെനറ്റിൽ 50 ഡെമോക്രാറ്റിക് അംഗങ്ങൾക്കുപുറമേ 17 റിപ്പബ്ലിക്കന്മാർ കൂടി പിന്തുണച്ചാലേ ഇതു സാധ്യമാകൂ. ഇംപീച്ച്മെന്റ് ആവശ്യം പെൻസ് നേരത്തേ തള്ളിയിരുന്നു.
വർഷങ്ങളായി തനിക്കെതിരേ നടക്കുന്ന വേട്ടയാടലിന്റെ തുടർച്ചയാണ് ഇംപീച്ച്മെന്റ് തട്ടിപ്പെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.