വാഷിങ്ടൺ: അന്താരാഷ്ട്ര മാധ്യമസ്ഥാപനമായ ബി.ബി.സിയുടെ ക്യാമറാമാന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരാധകന്റെ മർദനം. ടെക്സസിലെ എൽ പാസോയിൽ ട്രംപ് പങ്കെടുത്ത റാലിയ്ക്കിടെയാണ് ബി.ബി.സിയുടെ യു.എസിലെ ക്യാമറാമാൻ റോൺ സ്കീൻസിന്‌ മർദനമേറ്റത്. ട്രംപിന്റെ ‘മെയ്ക്കിങ് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ” എന്ന പ്രചാരണ മുദ്രാവാക്യം രേഖപ്പെടുത്തിയ തൊപ്പി ധരിച്ചെത്തിയയാൾ സ്കീൻസിനെയും വാർത്താസംഘത്തെയും മർദിക്കാനും തള്ളിമാറ്റാനും ശ്രമിച്ചു. റാലിയെ അഭിസംബോധന ചെയ്തുള്ള ട്രംപിന്റെ പ്രസംഗം ചിത്രീകരിക്കവേയായിരുന്നു ആക്രമണം. സ്കീൻസിന് കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ട്രംപ് പ്രസംഗം തുടർന്നു. മദ്യലഹരിയിലായിരുന്നു അക്രമിയെന്ന് റാലിയുടെ സംഘാടകർ പിന്നീട് അറിയിച്ചു.

പ്രസിഡന്റായി അധികാരമേറ്റ കാലം മുതൽ കടുത്ത മാധ്യമവിമർശകനാണ് ട്രംപ്. ജനങ്ങളുടെ ശത്രുക്കളാണ് മാധ്യമപ്രവർത്തകരെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. തനിക്കെതിരേയുള്ള മാധ്യമറിപ്പോർട്ടുകളൊക്കെയും വ്യാജവാർത്തകളാണെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.