വാഷിങ്ടണ്‍: യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉന്നത സാമ്പത്തിക ഉപദേഷ്ടാവായ ഗാരി കോഹന്‍ (57) രാജിവെച്ചു. വിവാദ വാണിജ്യ നയത്തെച്ചൊല്ലി ട്രംപുമായി അഭിപ്രായഭിന്നതയിലായിരുന്നു ഇദ്ദേഹം. ഒരുവര്‍ഷം പൂര്‍ത്തിയാക്കിയ ട്രംപ് സര്‍ക്കാരില്‍നിന്ന് രാജിവയ്ക്കുന്ന 25-ാമത്തെ പ്രമുഖനാണ് കോഹന്‍.

ആഗോള ബാങ്കിങ് ശൃംഖലയായ ഗോള്‍ഡ്മാന്‍ സാക്‌സിലെ മുന്‍ ഉദ്യോഗസ്ഥനായ കോഹന്‍, ട്രംപിന്റെ ദേശീയ സാമ്പത്തിക കൗണ്‍സിലെ ഡയറക്ടറായി സേവനം ചെയ്യുകയായിരുന്നു. ഉരുക്കിന് 25 ശതമാനവും അലുമിനിയത്തിന് 10 ശതമാനവും ഇറക്കുമതി തീരുവ ഏര്‍പ്പെടുത്താനുള്ള നീക്കമാണ് ട്രംപും ഇദ്ദേഹവുമായി ഭിന്നതയുടലെടുക്കാന്‍ കാരണം.

കോഹന്റെ രാജിക്ക് വൈറ്റ് ഹൗസ് കാരണം ബോധിപ്പിച്ചിട്ടില്ല. ഏതാനും ആഴ്ചകളായി രാജിക്കാര്യം ഇദ്ദേഹം ട്രംപുമായി ചര്‍ച്ച ചെയ്യുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

ചരിത്രപരമായ നികുതി ഇളവുകളും പരിഷ്‌കാരങ്ങളും നടപ്പാക്കാന്‍ കോഹന്‍ സഹായിച്ചെന്നും അപൂര്‍വ പ്രതിഭയായ അദ്ദേഹം അമേരിക്കന്‍ ജനതയ്ക്ക് നല്‍കിയ സമര്‍പ്പിതസേവനത്തിന് നന്ദിപറയുന്നുവെന്നും ട്രംപ് പ്രസ്താവനയില്‍ പറഞ്ഞു.

ട്രംപിന്റെ ഭരണകാലത്തിന്റെ തുടക്കം മുതല്‍ അദ്ദേഹത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവാണ് കോഹന്‍. വളര്‍ച്ചലക്ഷ്യം വെച്ചുള്ള ട്രംപിന്റെ സാമ്പത്തികനയങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചത് ഇദ്ദേഹമാണ്. 2017 ഡിസംബറില്‍ കൊണ്ടുവന്ന നികുതിപരിഷ്‌കാരങ്ങള്‍ക്കുപിന്നിലും ഇദ്ദേഹമായിരുന്നു. ഇത്തവണത്തെ ലോക സാമ്പത്തികഫോറത്തിലെ ട്രംപിന്റെ പങ്കാളിത്തത്തിന് വേണ്ട ഒരുക്കങ്ങള്‍ ചെയ്തതും കോഹനാണെന്ന് വൈറ്റ് ഹൗസ് പറഞ്ഞു.

വളര്‍ച്ചോന്മുഖമായ സാമ്പത്തികനയങ്ങളിലൂടെ രാജ്യത്തെ സേവിക്കാനായത് ബഹുമതിയാണെന്ന് കോഹന്‍ പ്രസ്താവനയില്‍പറഞ്ഞു. നികുതി പരിഷ്‌കാരത്തിന്റെ കാര്യവും പരാമര്‍ശിച്ചു. രാജ്യത്തെ സേവിക്കാന്‍ അവസരം നല്‍കിയ ട്രംപിന് അദ്ദേഹം നന്ദിപറഞ്ഞു.

ട്രംപിനെ വിട്ടുപോയ പ്രമുഖര്‍

മൈക്കല്‍ ഫ്‌ലിന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍.എസ്.എ.)

ജെയിംസ് കോമി, എഫ്.ബി.ഐ. ഡയറക്ടര്‍

റെയിന്‍സ് പ്രീബസ്, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ്

ആന്തണി സ്‌കാരമുച്ചി, വൈറ്റ് ഹൗസ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍

ഷോണ്‍ സ്‌പൈസര്‍, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി

സ്റ്റീവ് ബാനന്‍, വൈറ്റ് ഹൗസ് ചീഫ് സ്ട്രാറ്റജിസ്റ്റ്

ടോം പ്രൈസ്, ആരോഗ്യ സെക്രട്ടറി

ആന്‍ഡ്രൂ മക്കാബെ, ഡെപ്യൂട്ടി ഡയറക്ടര്‍ എഫ്.ബി.ഐ.

ഹോപ് ഹിക്‌സ്, വൈറ്റ്ഹൗസ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍