ബെയ്ജിങ്: മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി ബുധനാഴ്ച ചൈനയിലെത്തിയ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഗംഭീരസ്വീകരണം. പ്രസിഡന്റ് ഷി ജിന്‍ പിങ്ങിനൊപ്പം ട്രംപും ഭാര്യ മെലാനിയയും മിങ് മുതല്‍ ക്വിങ് വരെയുള്ള രാജവംശങ്ങളുടെ കൊട്ടാരമായിരുന്ന, ബെയ്ജിങ്ങിലെ ഫൊര്‍ബിഡന്‍ സിറ്റി സന്ദര്‍ശിച്ചു.

ട്രംപിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇരുരാജ്യങ്ങളിലെയും കമ്പനികള്‍ തമ്മില്‍ 20 കരാറുകളില്‍ ഒപ്പിട്ടു. 900 കോടി ഡോളര്‍ വരുന്ന (58,458 കോടി രൂപ) കരാറുകളാണിത്. വ്യാഴാഴ്ചയാണ് ട്രംപ്-ഷി ഔദ്യോഗിക കൂടിക്കാഴ്ച. യു.എസുമായി ചൈനയ്ക്കുള്ള 2660 കോടി ഡോളറിന്റെ വ്യാപാരമിച്ചമാവും ചര്‍ച്ചയുടെ പ്രധാനവിഷയം.

ബുധനാഴ്ച ഉച്ചയ്ക്കുശേഷം നടന്ന ചായസത്കാരത്തിനിടെ പേരക്കുട്ടി ആരബെല്ല കുഷ്‌നര്‍ ആലപിച്ച മന്ദാരിന്‍ ഭാഷയിലെ കവിത ട്രംപ്, ഷിയെ കേള്‍പ്പിച്ചു. ആരബെല്ലയുടെ ആലാപനത്തിന് ഷി 'എ പ്ലസ്' നല്‍കി.

ഏപ്രിലില്‍ ഷി അമേരിക്ക സന്ദര്‍ശിച്ചിരുന്നു. ട്രംപ് ആദ്യമായാണ് ചൈനയിലെത്തുന്നത്. ഉത്തരകൊറിയയുടെ യുദ്ധഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഈ സന്ദര്‍ശനം.