വാഷിങ്ടണ്‍: ബരാക് ഒബാമ നടപ്പാക്കിയ ഒബാമ കെയര്‍ പദ്ധതിക്കുപകരമായി എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുന്ന പുതിയ പദ്ധതി ആവിഷ്‌കരിക്കുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കാനും ആരോഗ്യ വ്യവസായത്തെ നിയന്ത്രിക്കാനുമാണ് ഒബാമ കെയര്‍ (അഫോര്‍ഡബിള്‍ കെയര്‍ ആക്ട്) പദ്ധതി ആവിഷ്‌കരിച്ചത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി അധികാരത്തിലേറിയാല്‍ ഇത് നിര്‍ത്തലാക്കുമെന്ന് തിരഞ്ഞെടുപ്പ് വേളയില്‍ത്തന്നെ ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിരുന്നു.
ഒബാമ കെയറിനേക്കാള്‍ മികച്ച രീതിയില്‍ അതിലും കുറഞ്ഞ ചെലവിലായിരിക്കും പുതിയ ഇന്‍ഷുറന്‍സ് പദ്ധതിയെന്ന് ശനിയാഴ്ച വൈകുന്നേരം പ്രമുഖ അമേരിക്കന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു. എന്നാല്‍, പദ്ധതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ ട്രംപ് തയ്യാറായില്ല. കഴിഞ്ഞയാഴ്ച അമേരിക്കന്‍ ജനപ്രതിനിധിസഭയില്‍ ഒബാമ കെയര്‍ നിര്‍ത്തലാക്കാനുള്ള ബില്ലിന് ഭൂരിപക്ഷം ലഭിച്ചിരുന്നു.