ദ നാങ്(വിയറ്റ്‌നാം): അന്താരാഷ്ട്ര വ്യാപാരക്കരാറുകളിലും ധാരണകളിലും അമേരിക്കയുടെ താത്പര്യസംരക്ഷണത്തിന് ഊന്നല്‍ നല്‍കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആഗോള കരാറുകളിലൂടെയും മറ്റും മറ്റുരാജ്യങ്ങള്‍ അമേരിക്കയുടെ അവസരം പ്രയോജനപ്പെടുത്തുന്നത് മേലില്‍ അനുവദിക്കില്ലെന്നും വിയറ്റ്‌നാമില്‍ നടക്കുന്ന ഏഷ്യ-പസഫിക് ഇക്കണോമിക് കോര്‍പ്പറേഷന്‍ ഉച്ചകോടിവേദിയില്‍ ട്രംപ് വ്യക്തമാക്കി.

അതേസമയം, ആഗോളീകരണം തിരിച്ചുപോകാനാവാത്ത ചരിത്രയാഥാര്‍ഥ്യമാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് പറഞ്ഞു. അന്താരാഷ്ട്ര വ്യാപാരക്കരാറുകളോടുള്ള തന്റെ വിയോജിപ്പ് ട്രംപ് ആവര്‍ത്തിച്ചു. ഇത്തരം കരാറുകള്‍ കൈകള്‍ കൂട്ടിക്കെട്ടുന്നതും പരമോന്നത അധികാരം അടിയറവുവെയ്ക്കുന്നതും അര്‍ഥവത്തായ നടപടികള്‍ അസാധ്യമാക്കുന്നതുമാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

നീതിയുക്തമായ തത്ത്വങ്ങള്‍ അംഗീകരിച്ചുകൊണ്ട് ഇന്തോ-പസഫിക് മേഖലയിലെ ഏതുരാജ്യവുമായും ഉഭയകക്ഷി കരാറുണ്ടാക്കാന്‍ അമേരിക്ക തയ്യാറാണ്. 12 രാജ്യങ്ങള്‍ ഉള്‍പ്പെട്ട അപെക് കൂട്ടായ്മയുമായുണ്ടാക്കിയ ട്രാന്‍സ് പസഫിക് പാര്‍ട്ണര്‍ഷിപ്പ് കരാറില്‍നിന്ന് നേരത്തേ യു.എസ്. പിന്മാറിയിരുന്നു. അമേരിക്കയുടെ താത്പര്യങ്ങളെ ഹനിക്കുന്ന കരാറാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപ് കരാറില്‍നിന്ന് പുറത്തുപോയത്. അതേസമയം, ഈ രാജ്യങ്ങളുമായി ഒറ്റയ്‌ക്കൊറ്റയ്ക്ക് കരാറുണ്ടാക്കാന്‍ തയ്യാറാണെന്നാണ് ട്രംപ് വ്യക്തമാക്കിയത്.

ബൗദ്ധിക സ്വത്തവകാശം ധിക്കാരപരമായി മോഷ്ടിക്കുന്നത് ഇനി സഹിച്ചുനില്‍ക്കില്ലെന്നും ട്രംപ് പറഞ്ഞു. ബൗദ്ധിക സ്വത്തവകാശനിയമത്തിന്റെ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ ചൈന വീഴ്ചവരുത്തുന്നതായി അമേരിക്ക നേരത്തേ ആരോപണമുയര്‍ത്തിയിരുന്നു.

ചൈനയെ ലക്ഷ്യംവെച്ച് ട്രംപ് നടത്തിയ പരാമര്‍ശങ്ങള്‍ക്ക്, തൊട്ടുപിന്നാലെ സംസാരിച്ച ഷി ജിന്‍ പിങ് മറുപടിപറഞ്ഞില്ല. അതേസമയം, സാമ്പത്തിക ആഗോളീകരണത്തിന് രൂപത്തിലും ഉള്ളടക്കത്തിലും പുതിയ ക്രമീകരണങ്ങള്‍ ആവശ്യമാണെന്ന് ഷി ജിന്‍ പിങ് പറഞ്ഞു. കൂടുതല്‍ സുതാര്യവും സംതുലിതവും എല്ലാവര്‍ക്കും പ്രയോജനകരവും ആവുന്ന രീതിയില്‍ ആഗോളീകരണത്തെ മാറ്റിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.