ഇസ്‍ലാമാബാദ്: പെൺകുട്ടികളുടെ വിവാഹപ്രായം 18 ആക്കി നിശ്ചയിക്കുന്ന ബില്ലിന് പാകിസ്താൻ സെനറ്റ് ചൊവ്വാഴ്ച അംഗീകാരം നൽകി. രാജ്യത്തെ വർധിച്ചുവരുന്ന ശൈശവവിവാഹങ്ങൾ തടയുകയാണ് ലക്ഷ്യം. പാകിസ്താൻ പീപ്പിൾസ് പാർട്ടിയുടെ ഷെറി റെഹ്മാനാണ് ബിൽ സെനറ്റിൽ അവതരിപ്പിച്ചത്. പാകിസ്താനിൽ ഇപ്പോൾ പെൺകുട്ടികളുടെ വിവാഹപ്രായം 15 ആണ്.

അതേസമയം, ഇസ്‍ലാമിക നിയമങ്ങൾക്കെതിരാണെന്നാരോപിച്ച് ഏതാനും അംഗങ്ങൾ ബില്ലിനെ എതിർത്തു. പെൺകുട്ടികളുടെ നിക്കാഹ് (വിവാഹം) പ്രായം 18 ആക്കുന്നത് ശരീയത്ത് നിയമമനുസരിച്ച് അംഗീകരിക്കാനാവില്ലെന്നും ബിൽ ഇസ്‍ലാമിക് ആശയസമിതിയുടെ (ഐ.ഐ.സി.) പരിഗണനയ്ക്ക് വിടണമെന്നും സെനറ്റംഗമായ ഗഫൂർ ഹൈദരി ആവശ്യപ്പെട്ടു. എന്നാൽ, ബിൽ 2010-ൽ ഐ.ഐ.സി.യുടെ പരിഗണനയ്ക്ക് വിട്ടിരുന്നുവെന്നും പെൺകുട്ടികളിൽ പ്രായപൂർത്തിക്കാലം വ്യത്യസ്തമായതിനാൽ ഇക്കാര്യത്തിൽ പ്രത്യേകപ്രായം നിശ്ചയിക്കാനാവില്ലെന്ന്‌ ചൂണ്ടിക്കാട്ടി ബിൽ ഐ.ഐ.സി. മടക്കിയിരുന്നുവെന്നും മതകാര്യമന്ത്രി നൂറുൽ ഖാദ്രി പറഞ്ഞു.

രാജ്യത്ത് വോട്ടവകാശത്തിനും തിരിച്ചറിയൽകാർഡിനുമുള്ള പ്രായം 18 ആക്കാമെങ്കിൽ വിവാഹപ്രായം എന്തുകൊണ്ട് 18 ആയി നിശ്ചയിക്കാനാവില്ലെന്ന് ഷെറി റഹ്മാൻ ചോദിച്ചു. ബംഗ്ലാദേശ്, ഈജിപ്ത്, തുർക്കി, മൊറോക്കോ, ഒമാൻ, യു.എ.ഇ., സൗദി അറേബ്യ എന്നീരാജ്യങ്ങൾപോലും വിവാഹപ്രായം 18 ആയി നിശ്ചയിച്ചിട്ടുണ്ട്. പാശ്ചാത്യസംസ്കാരം കൊണ്ടുവരാനല്ല, വിവാഹത്തിൽനിന്ന് നിഷ്കളങ്കരായ കുഞ്ഞുങ്ങളെ രക്ഷിക്കാൻവേണ്ടിയാണിതെന്നും ശൈശവവിവാഹത്തോടനുബന്ധിച്ചുള്ള പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പാകിസ്താനിൽ ഓരോ 20 മിനിറ്റിലും ഒരു സ്ത്രീ മരിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.

Content Highlights: to prohibit Child Marriage, Senate of Pakistan