ന്യൂയോര്‍ക്ക്: അന്തരിച്ച അമേരിക്കന്‍ നോവലിസ്റ്റ് ഹാര്‍പ്പര്‍ ലീയുടെ 'ടു കില്‍ എ മോക്കിങ്‌ബേഡി'ന്റെ നാടകരൂപത്തിനെതിരേ കേസ്. നാടകത്തിന്റെ തിരക്കഥയും പുസ്തകത്തിന്റെ ഉള്ളടക്കവുമായി ഏറെ അന്തരമുണ്ടെന്നുപറഞ്ഞ് ഹാര്‍പ്പര്‍ ലീയുടെ എസ്റ്റേറ്റാണ് കേസ് കൊടുത്തത്. എന്നാല്‍, തിരക്കഥയില്‍ അന്തിമവാക്ക് തന്റെ സംഘമാണെന്നുപറഞ്ഞ് നാടകത്തിന്റെ നിര്‍മാതാവ് സ്‌കോട്ട് റുഡിന്‍ ആരോപണം തള്ളി. ആരോണ്‍ സോര്‍കിനാണ് തിരക്കഥാകൃത്ത്.

1960-തില്‍ പുറത്തുവന്ന നോവല്‍ അമേരിക്കയില്‍ നിലനിന്നിരുന്ന വര്‍ണവെറിയുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ടതാണ്. അമേരിക്കന്‍ സാഹിത്യത്തിലെ മഹത്തായ കൃതികളിലൊന്നായ ഇതിന് 1961-ല്‍ പുലിറ്റ്‌സര്‍ സമ്മാനവും ലഭിച്ചു.

2016-ല്‍ അന്തരിച്ച ഹാര്‍പ്പര്‍ ലീയുടെ എസ്റ്റേറ്റിനെ പ്രതിനിധീകരിച്ച് ടോണ്യ ബി. കാര്‍ട്ടറാണ് കേസുകൊടുത്തത്. നോവലിലെ നായകന്‍ ആറ്റിക്കസ് ഫിഞ്ച് ഉള്‍പ്പെടെ ചില കഥാപാത്രങ്ങളുടെ ചിത്രീകരണത്തില്‍ പിഴവുണ്ടെന്ന് പരാതിയില്‍പറയുന്നു. വംശവെറിക്കെതിരേ നിലകൊള്ളുന്ന ഗുണവാനായ ഫിഞ്ചിനെ ആദ്യഘട്ടത്തില്‍ മോശമായാണ് ചിത്രീകരിച്ചിരിക്കുന്നത്, കഥാപശ്ചാത്തലമായ അലബാമയിലെ 1930-തുകളിലെ സാഹചര്യം നേരാംവണ്ണമല്ല അവതരിപ്പിക്കുന്നത് എന്നിങ്ങനെയുള്ള ആരോപണങ്ങളും കാര്‍ട്ടര്‍ ഉന്നയിക്കുന്നു.

എന്നാല്‍, നാടകാവിഷ്‌കാരം നോവലിനോട് സത്യസന്ധത പുലര്‍ത്തുന്നോ ഇല്ലയോ എന്നുതീരുമാനിക്കേണ്ടത് നിര്‍മാതാക്കളാണെന്ന് സ്‌കോട്ട് റുഡിന്റെ പ്രതിനിധികള്‍ പറഞ്ഞു. പുസ്തകം എഴുതിയകാലത്തെ വംശീയസമവാക്യങ്ങളിലൂന്നി നാടകം അവതരിപ്പിക്കാന്‍ കഴിയില്ലെന്നും അങ്ങനെ ചെയ്യില്ലെന്നും റുഡ് 'ന്യൂയോര്‍ക്ക് ടൈംസ്' പത്രത്തോടുപറഞ്ഞു. അതിനുശേഷം ലോകം ഏറെ മാറിയെന്നും അദ്ദേഹം പറഞ്ഞു. റുഡിന്റെ ബ്രോഡ്വേ നാടകം ഡിസംബറില്‍ ഇറങ്ങുമെന്നാണ് കരുതുന്നത്.

മോക്കിങ്‌ബേഡ് പറയുന്നത്

മഹാമാന്ദ്യകാലത്തെ തെക്കന്‍ അമേരിക്കയിലെ മേകോം എന്ന സാങ്കല്പിക പട്ടണത്തിലാണ് കഥനടക്കുന്നത്. വെള്ളക്കാരിയെ ബലാത്സംഗം ചെയ്ത ടോം റോബിന്‍സണ്‍ എന്ന കറുത്തവര്‍ഗക്കാരന്റെ കുറ്റവിചാരണയാണ് ഉള്ളടക്കം. അഭിഭാഷകനായ ആറ്റിക്കസ് ഫിഞ്ച് റോബിന്‍സണുവേണ്ടി കോടതിയില്‍ ഹാജരാകുന്നു. ഫിഞ്ചിന്റെ ആറുവയസ്സുള്ള മകള്‍ സ്‌കൗട്ടിന്റെ കണ്ണിലൂടെയാണ് കഥ ഇതള്‍വിടരുന്നത്.

നോവലിന്റെ നാലുകോടി പതിപ്പുകള്‍ ഇതുവരെ വിറ്റു. 40 ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി. 1962-ല്‍ സിനിമയായി. എട്ട് ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ചു. മൂന്ന് ഓസ്‌കറുകള്‍ നേടി.