വാഷിങ്ടണ്‍: ഇന്ത്യയുമായുള്ള പ്രതിരോധസഹകരണം ശക്തമാക്കാനൊരുങ്ങി യു.എസ്. ഇത്തവണത്തെ പ്രതിരോധ ബില്ലില്‍ ഇക്കാര്യം ഉള്‍പ്പെടുത്തി. 62,150 കോടി ഡോളറിന്റെ (40 ലക്ഷം കോടി രൂപ) ബില്‍ യു.എസ്. ജനപ്രതിനിധിസഭ പാസാക്കി.

ഇന്ത്യന്‍-അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം ആമി ബേരയാണ് ഇന്ത്യാ-യു.എസ്. പ്രതിരോധസഹകരണം ശക്തമാക്കാനുള്ള ഭേദഗതിയവതരിപ്പിച്ചത്. 81-നെതിരെ 344 വോട്ടിന് ഭേദഗതി പാസായി. പ്രതിരോധകാര്യങ്ങള്‍ക്ക് അനുമതി നല്‍കുന്ന 2018-ലെ നിയമത്തിന്റെ (എന്‍.ഡി.എ.എ.-2018) ഭാഗമായാണ് ഭേദഗതി അവതരിപ്പിച്ചത്.

സഭ പാസാക്കിയ ഭേദഗതിക്കാര്യത്തില്‍ പ്രതിരോധ, വിദേശകാര്യ സെക്രട്ടറിമാര്‍ കൂടിയാലോചന നടത്തിയാവും ഇന്ത്യയും യു.എസും തമ്മിലുള്ള സഹകരണം എങ്ങനെയുള്ളതാവണമെന്ന് തീരുമാനിക്കുക.

സെനറ്റിന്റെ അനുമതികിട്ടിയാല്‍ ബില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അയക്കും. അദ്ദേഹം ഒപ്പിടുന്നതോടെ എന്‍.ഡി.എ.എ.-2018 നിയമമാകും. യു.എസ്. സാമ്പത്തികവര്‍ഷം തുടങ്ങുന്ന ഒക്ടോബര്‍ ഒന്നിന് നിയമം പ്രാബല്യത്തില്‍വരും. ബില്‍ നിയമമായി 180 ദിവസത്തിനുള്ളില്‍ പ്രതിരോധ, വിദേശകാര്യ സെക്രട്ടറിമാര്‍ ഇന്ത്യ-യു.എസ്. പ്രതിരോധസഹകരണ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കണം

എന്‍.ഡി.എ.എ.-2017-ല്‍ ഇന്ത്യയെ സുപ്രധാന പ്രതിരോധ പങ്കാളിയായി യു.എസ്. അംഗീകരിച്ചിരുന്നു. ഇന്ത്യയുമായുള്ള സഹകരണം 21-ാം നൂറ്റാണ്ടിലെ സുരക്ഷാവെല്ലുവിളികളെ നേരിടാന്‍ പറ്റിയതരത്തില്‍ യു.എസിന്റെ പ്രതിരോധരംഗത്തെ മെച്ചപ്പെടുത്തുമെന്ന് ആമി ബേര പറഞ്ഞു.