ഹോങ് കോങ്: സുരക്ഷാഭീഷണി ചൂണ്ടിക്കാട്ടി അമേരിക്കൻ ഭരണകൂടം സമ്മർദം ശക്തമാക്കുന്നതിനിടെ ജനപ്രിയ വീഡിയോ ഷെയറിങ് ആപ്ലിക്കേഷനായ ടിക് ടോക്കിന്റെ സി.ഇ.ഒ. കെവിൻ മേയർ രാജിവെച്ചു. രാഷ്ട്രീയസാഹചര്യത്തിലുണ്ടായ മാറ്റത്തെത്തുടർന്നാണ് രാജിയെന്നും ഹൃദയവേദനയോടെയാണ് തീരുമാനമെടുത്തതെന്നും ജീവനക്കാർക്ക് അയച്ച കത്തിൽ അദ്ദേഹം പറയുന്നു.

90 ദിവസത്തിനിടെ ആപ്ലിക്കേഷൻ ഏതെങ്കിലും യു.എസ്. കമ്പനിക്ക് കൈമാറണമെന്ന് ഉടമസ്ഥരായ ബൈറ്റ് ഡാൻസിന് ട്രംപ് ഭരണകൂടം അന്ത്യശാസനം നൽകിയിരുന്നു. ഇതിനെതിരേ കഴിഞ്ഞദിവസം കമ്പനി കോടതിയെ സമീപിക്കുകയുമുണ്ടായി.

കഴിഞ്ഞ േമയിലാണ് കെവിൻ സി.ഇ.ഒ. ആയി ചുമതലയേറ്റത്. തീരുമാനത്തെ മാനിക്കുന്നതായും കെവിനോട് നന്ദിയറിയിക്കുന്നതായും ടിക് ടോക് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ടിക് ടോക്കിന്റെ അമേരിക്കയിലെ പ്രവർത്തനങ്ങൾ മൈക്രോസോഫ്റ്റിന് കൈമാറുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്.

Content Highlights: Tik Tok Kevin Mayer