ബെയ്ജിങ്: ചൈനയില്‍ വന്യജീവിസംരക്ഷണകേന്ദ്രം സന്ദര്‍ശിക്കാനെത്തിയ വനിതകളെ കടുവകള്‍ ആക്രമിച്ചു. ഒരാള്‍ കൊല്ലപ്പെട്ടു. 

ബെയ്ജിങ്ങിലെ ബദാലിങ് വന്യജീവിസംരക്ഷണകേന്ദ്രത്തിലാണ് കാറില്‍നിന്നിറങ്ങിയ സ്ത്രീകള്‍ കടുവയുടെ ആക്രമണത്തിനിരയായത്. സി.സി.ടി.വി. ക്യാമറകളില്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.

സഞ്ചാരികള്‍ക്ക് ഇവിടെ കാറില്‍സഞ്ചരിച്ച് മൃഗങ്ങളെ അടുത്തുനിന്ന് നിരീക്ഷിക്കാം. കാറില്‍നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കാറില്ല.

മുന്‍സീറ്റിലിരുന്ന സ്ത്രീ പെട്ടെന്ന് കാറില്‍നിന്ന് പുറത്തിറങ്ങുന്നതും ഇവരെ ഉടന്‍തന്നെ ഒരു കടുവ ചാടിയെത്തി പിടികൂടി വലിച്ചുകൊണ്ടുപോവുന്നതും കാണാം. ഇതുകണ്ട് കാറില്‍നിന്നിറങ്ങി സഹായിക്കാനെത്തിയ സഹയാത്രിക മറ്റൊരുകടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു.

സ്ഥലത്തെത്തിയ സുരക്ഷാജീവനക്കാരാണ് ആദ്യം കടുവ പിടികൂടിയ സ്ത്രീയെ രക്ഷപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ആസ്​പത്രിയിലാക്കി. ആക്രമണം നടക്കുമ്പോള്‍ ഒരു പുരുഷനും കുഞ്ഞും കൂടി കാറിലുണ്ടായിരുന്നു.