വാഷിങ്ടൺ: നൈന മാർട്ടിനസ് (35) ലോകത്തെ ജീവിച്ചിരിക്കുന്ന ആദ്യത്തെ എച്ച്.ഐ.വി. പോസിറ്റീവായ വൃക്കദാതാവായി. അമേരിക്കയിലെ ജോൺസ് ഹോപ്കിൻസ് ആശുപത്രിയിലാണ് നൈന എച്ച്‌.ഐ.വി. പോസിറ്റീവായ മറ്റൊരാൾക്ക് വൃക്ക നൽകിയത്. ഇവരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. രണ്ടുപേരും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

ലോകത്ത് ആദ്യമായാണ് ജീവിച്ചിരിക്കുന്ന എച്ച്.ഐ.വി. പോസിറ്റീവായ ഒരാൾ വൃക്ക ദാനംചെയ്യുന്നതെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. ഡോറി സെഗേവ് പറഞ്ഞു. എച്ച്.ഐ.വി. ബാധിതർക്ക് രക്തം ദാനംചെയ്യാനാവില്ല. എന്നാൽ, അവർക്ക് ഇപ്പോൾ ഒരു വൃക്ക ദാനംചെയ്യാൻ കഴിഞ്ഞിരിക്കയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിങ്കളാഴ്ചയായിരുന്നു ശസ്ത്രക്രിയ. അറ്റ്‌ലാൻറ സ്വദേശിനിയാണ് നൈന മാർട്ടിനസ്‌.