ഹേഗ്: റോഹിംഗ്യൻ വിഷയത്തിൽ രാജ്യത്തെ പരസ്യമായി ന്യായീകരിച്ച് മ്യാൻമാർ സ്റ്റേറ്റ് കൗൺസിലർ ആങ് സാൻ സ്യൂചി. റോഹിംഗ്യൻ മുസ്‍ലിങ്ങൾക്കുനേരെ നടന്ന കലാപത്തിനുപിന്നിൽ ‘വംശഹത്യ ലക്ഷ്യം’ ഉണ്ടായിരുന്നില്ലെന്ന് സ്യൂചി ബുധനാഴ്ച അന്താരാഷ്ട്ര നീതിന്യായക്കോടതിയിൽ (ഐ.സി.ജെ.) പറഞ്ഞു.

2017-ൽ മ്യാൻമാറിലെ റാഖിൻ സംസ്ഥാനത്ത് സൈന്യം റോഹിംഗ്യകൾക്കെതിരേ നടത്തിയ അടിച്ചമർത്തലുമായി ബന്ധപ്പെട്ട് ഐ.സി.ജെ.യ്ക്കു മുന്നിലുള്ള കേസ് അപൂർണവും തെറ്റിദ്ധാരണാജനകവുമാണെന്നും സമാധാന നൊബേൽ ജേതാവുകൂടിയായ സ്യൂചി ആരോപിച്ചു. ഗാംബിയയാണ് മ്യാൻമാറിനെതിരേ ഐ.സി.ജെ.യെ സമീപിച്ചത്.

‘ചിലസമയങ്ങളിൽ സൈന്യം കൂടുതൽ ശക്തിപ്രയോഗിച്ചിരുന്നുവെന്നത് വാസ്തവമാണ്. എന്നാൽ, റോഹിംഗ്യൻ ന്യൂനപക്ഷത്തെ തുടച്ചുനീക്കാൻ ലക്ഷ്യമുണ്ടായിരുന്നില്ല. സൈനികർ യുദ്ധക്കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അവരെ വിചാരണ ചെയ്യും. റാഖിൻ ജില്ലയിലെ സാഹചര്യത്തെക്കുറിച്ച് ഗാംബിയ ഐ.സി.ജെ.യിൽ നൽകിയത് അപൂർണമായ ചിത്രമാണ്. റാഖിനിൽ നടക്കുന്ന ആഭ്യന്തര സായുധകലാപത്തെ നേരിടാൻ മ്യാൻമാർ ശ്രമിക്കുന്നുണ്ട്” -സ്യൂചി പറഞ്ഞു.

കലാപത്തിൽ റോഹിംഗ്യകൾക്കുനേരെ നടന്നത് വംശഹത്യയ്ക്ക് തുല്യമായ അതിക്രമങ്ങളാണെന്ന്‌ യു.എൻ. നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ‘‘കൂട്ടക്കൊല, ബലാത്സംഗം, കെട്ടിടങ്ങൾക്ക് തീയിടൽ തുടങ്ങിയ പ്രവൃത്തികളിലൂടെ റോഹിംഗ്യകളെ പൂർണമായോ ഭാഗികമായോ തുടച്ചുനീക്കാനാണ് മ്യാൻമാർ ലക്ഷ്യമിട്ടത്’’ -ഗാംബിയ ഐ.സി.ജെ.യിൽ നൽകിയ കേസിൽ ആരോപിക്കുന്നു. ആയിരക്കണക്കിന് റോഹിംഗ്യകളാണ് 2017-ൽ കൊല്ലപ്പെട്ടത്. ഏഴരലക്ഷത്തിലേറെപ്പേർ ബംഗ്ലാദേശ് ഉൾപ്പെടെയുള്ള അതിർത്തിരാജ്യങ്ങളിലേക്ക് പലായനംചെയ്തു.

Content Highlights: The Rohingyas have not been genocide,  Aung San Suu Kyi says in IGC