ബാങ്കോക്ക്: ഇനിയും കാത്തിരിക്കാനാവില്ല. അവരെ ഞങ്ങൾക്ക് തിരികെ വേണം ഉടൻ... തായ്‍ലാൻഡിലെ ഗുഹയിൽക്കുടുങ്ങിയ കുട്ടികളെ പുറത്തെത്തിക്കാൻ ഞായറാഴ്ച രാവിലെ അടിയന്തര രക്ഷാപ്രവർത്തനമാരംഭിക്കുമ്പോൾ ഒരുരാജ്യം മുഴുവൻ ഇങ്ങനെ മന്ത്രിക്കുകയായിരുന്നു.

ഒടുവിൽ പതിനാറുദിവസംനീണ്ട കഠിനാധ്വാനത്തിനും കാത്തിരിപ്പിനുമൊടുവിൽ താം ലുവോങ് നാം ഗുഹയിൽക്കുടുങ്ങിയ 13 പേരിൽ നാലുകുട്ടികളെ രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചു. ഇക്കാര്യം തായ് പ്രതിരോധമന്ത്രാലയം സ്ഥിരീകരിച്ചു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്.

ഞായറാഴ്ച രാത്രിയോടെ ആദ്യദിവസത്തെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു. സംഘത്തിന്റെ പക്കലുണ്ടായിരുന്ന ഓക്സിജൻ തീർന്നതിനാൽ രക്ഷാപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്നും തിങ്കളാഴ്ച രാവിലെ വീണ്ടും നടപടി പുനരാരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

ജൂൺ 23-നാണ് തായ്‍ലാൻഡിലെ വൈൽഡ് ബോർ എന്നറിയപ്പെടുന്ന അണ്ടർ-16 ഫുട്ബോൾ ടീമിലെ അംഗങ്ങളായ 12 കുട്ടികളും അവരുടെ പരിശീലകനും തായ്‍ലാൻഡിലെ ചിയാങ് റായിലുള്ള താം ലുവോങ് നാം ഗുഹയിൽ കുടുങ്ങുന്നത്. ഗുഹ കാണാൻ കയറിയ അവർ കനത്തമഴയും മണ്ണിടിച്ചിലും കാരണം ഗുഹാകവാടം അടഞ്ഞതോടെ ഉള്ളിൽ കുടുങ്ങുകയായിരുന്നു.

ഞായറാഴ്ച രാവിലെ തായ്‍ലാൻഡ് പ്രാദേശികസമയം പത്തുമണിയോടെ രക്ഷാനടപടികൾ തുടങ്ങി. അന്താരാഷ്ട്രതലത്തിൽ സ്കൂബാ ഡൈവിങ്ങിൽ അതിവൈദഗ്ധ്യം നേടിയ 18 അംഗ മുങ്ങൽവിദഗ്ധസംഘമാണ് രക്ഷാപ്രവർത്തനത്തിന് ചുക്കാൻപിടിക്കുന്നത്.

ഒരു കുട്ടിയെ പുറത്തെത്തിക്കാൻ 11 മണിക്കൂറോളമാണ് രക്ഷാപ്രവർത്തകർക്ക് വേണ്ടത്. മുഴുവൻപേരെയും പുറത്തെത്തിക്കാൻ രണ്ടോ മൂന്നോ ദിവസങ്ങളെടുക്കുമെന്ന് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ചിയാങ് റായ് പ്രവിശ്യാ ഗവർണർ നരോങ്സാക് ഒസാട്ടാനാകോൺ പറഞ്ഞു.

 

രക്ഷാപ്രവർത്തനത്തിന് ബഡ്ഡി ഡൈവിങ്

ഒരു കുട്ടിക്കൊപ്പം രണ്ട് രക്ഷാപ്രവർത്തകർ എന്ന നിലയിൽ ബഡ്ഡി ഡൈവിങ് രീതിയിലാണ് രക്ഷാപ്രവർത്തനം. രക്ഷാപ്രവർത്തകർക്കൊപ്പം കുട്ടിയെയും ഓക്സിജൻ മാസ്കും ജാക്കറ്റും ധരിപ്പിക്കും.

ഒരു രക്ഷാപ്രവർത്തകൻ ആദ്യം, രണ്ടാമതായി കുട്ടി, അതിനുപിന്നിൽ രണ്ടാമത്തെ രക്ഷാപ്രവർത്തകൻ എന്ന തരത്തിലാണ് മുന്നോട്ടുപോകുക. ഒരു കുട്ടിയെ പുറത്തെത്തിക്കാൻ വേണ്ടിവരുന്നത് കുറഞ്ഞത് 11 മണിക്കൂറാണ്.

ക്ഷീണിച്ച കുട്ടികളെ ആദ്യം എന്ന തരത്തിലാണ് പുറത്തെത്തിക്കുന്നത്. കുട്ടികൾയ്ക്കായുള്ള ഓക്സിജൻ സിലിൻഡറും രക്ഷാപ്രവർത്തകർ തോളിലേറ്റണം. ഗുഹാമുഖം മുതൽ കുട്ടികളുള്ളയിടംവരെ ചരടുപയോഗിച്ച് രക്ഷാപ്രവർത്തകർക്ക് വഴികാട്ടിയിട്ടുണ്ട്. ഈ ചരടുപിടിച്ച് ഇവർക്ക് മുന്നോട്ടുനീങ്ങാം.

ചെളിയും മണ്ണും വെള്ളവും നിറഞ്ഞ നാലുകിലോമീറ്ററാണ് ഇവർക്ക് പിന്നിടാനുള്ളത്. ഇരുട്ടിലൂടെ നടന്നും നീന്തിക്കയറിയും കയറ്റിറക്കങ്ങൾ പിന്നിട്ടും നൂഴ്ന്നുകയറിയുമൊക്കെവേണം പോകാൻ.

പാതയ്ക്ക് പകുതിയിലുള്ള ടി ജങ്‌ഷൻ എന്നറിയപ്പെടുന്ന ഇടുങ്ങിയ ഭാഗമാണ് ഏറ്റവുംവലിയ വെല്ലുവിളി. കഷ്ടിച്ച് ഒരാൾക്കുമാത്രം നൂഴ്ന്നുകയറാൻ കഴിയുന്ന ഈ ഭാഗം കടന്നുകിട്ടാൻ അവർക്ക് തോളിൽ ചുമക്കുന്ന ഓക്സിജൻ സിലിൻഡർ അഴിച്ചുമാറ്റേണ്ടിവരും.


എന്തുകൊണ്ട് അടിയന്തര രക്ഷാപ്രവർത്തനം

മഴ കനക്കുന്നതോടെ ഗുഹയിൽ വെള്ളം ഇനിയുമുയർന്നേക്കുമെന്ന ഭീതിയെത്തുടർന്നാണ് അടിയന്തര രക്ഷാപ്രവർത്തനമാരംഭിക്കാൻ അധികൃതർ നിശ്ചയിച്ചത്.

വരുംദിവസങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ഗുഹയ്ക്കുള്ളിലെ ഓക്സിജന്റെ അളവും കുറഞ്ഞുതുടങ്ങി. കുട്ടികൾക്ക് ഓക്സിജൻ സിലിൻഡർ കൈമാറി തിരികെവരുന്നതിനിടെ രക്ഷാപ്രവർത്തകരിലൊരാൾ മരിച്ചതും ആശങ്ക വർധിപ്പിച്ചിരുന്നു.

നേരത്തേ

കുട്ടികളെ പുറത്തെത്തിക്കാൻ നാലുമാസമെങ്കിലും എടുക്കുമെന്നായിരുന്നു നേരത്തേ അധികൃതർ അറിയിച്ചത്. ഒന്നുകിൽ കുട്ടികളെ എല്ലാവരെയും നീന്തൽ പഠിപ്പിക്കുകയോ അല്ലെങ്കിൽ ഗുഹയിൽ പൂർണമായും വെള്ളം താഴുന്നതുവരെ കാത്തിരിക്കുകയോ ആയിരുന്നു അധികൃതർക്ക് മുന്നിലുണ്ടായിരുന്ന വഴികൾ.