ബാങ്കോക്ക്: രണ്ടുകൊല്ലത്തെ ഇടവേളയ്ക്കുശേഷം മധ്യതായ്‌ലാൻഡിലെ ലോപ്ബുരിയിൽ കുരങ്ങുത്സവം കൊണ്ടാടി. ഇവിടത്തെ നീളൻവാലുള്ള കുരങ്ങുകൾക്ക് വിശാലമായ വിരുന്നൊരുക്കിയാണ് ആഘോഷം. പ്രദേശത്തിന് ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരുന്നത് ഈ കുരങ്ങുകളാണെന്നാണ് വിശ്വാസം. കുരങ്ങുപ്രവിശ്യ എന്നും ലോപ്ബുരിക്ക് പേരുണ്ട്. ഫ്രാ പ്രാങ് സാം യോഡ് ക്ഷേത്രത്തിനുപുറത്ത് ആയിരക്കണക്കിന് കുരങ്ങുകൾക്കായി രണ്ടു ടണ്ണോളം പഴങ്ങളും പച്ചക്കറികളുമാണ് ഇത്തവണ ഒരുക്കിയത്. ഉത്സവം കാണാൻ ഒട്ടേറെ വിനോദസഞ്ചാരികളുമെത്തി. ഭക്ഷണത്തിനായി തക്കംപാർത്തിരുന്ന കുരങ്ങുകൾ സഞ്ചാരികൾക്കുമേൽ വലിഞ്ഞുകയറിയും ചിത്രങ്ങൾ പകർത്താനെത്തിയവരെ കൂട്ടമായി വന്നുപൊതിഞ്ഞും കുസൃതികൾ കാണിച്ചു.

ഒട്ടേറെ വിനോദസഞ്ചാരികളെത്തുന്ന ഉത്സവം കോവിഡ് കാരണം രണ്ടുകൊല്ലത്തോളമായി നിർത്തിവെച്ചിരിക്കുകയായിരുന്നു. ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന കുരങ്ങുകൾക്ക് നന്ദിസൂചകമായിക്കൂടിയാണ് ആഘോഷം. എല്ലാ കൊല്ലവും നവംബറിലെ അവസാന ഞായറാഴ്ചയാണ് ഉത്സവം നടക്കാറ്