സതര്‍ലാന്‍ഡ് സ്​പ്രിങ്‌സ്: അമേരിക്കയിലെ ടെക്‌സസിലുള്ള സതര്‍ലാന്‍ഡ് സ്​പ്രിങ്‌സിലെ പള്ളിയിലെ കൂട്ടക്കൊലയ്ക്ക് ഡേവിഡ് കെല്ലിയെ പ്രേരിപ്പിച്ചത് കുടുംബവഴക്കാകാമെന്ന് പോലീസ്. പള്ളിയില്‍ പതിവായി വരുന്ന, ഭാര്യാമാതാവിനെയാണ് കെല്ലി ലക്ഷ്യമിട്ടതെന്നാണ് നിഗമനം.

വെടിവെപ്പ് നടന്ന ഞായറാഴ്ച ഇവര്‍ പള്ളിയില്‍ വന്നിരുന്നില്ല. ഇവരുടെ അമ്മ വെടിവെപ്പില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 26 പേരെയാണ് കെല്ലി വധിച്ചത്. പരിക്കേറ്റ 20 പേരില്‍ 10 പേരുടെ നില ഗുരുതരമാണ്. സ്വന്തം കാറില്‍ മരിച്ചനിലയില്‍ കാണപ്പെട്ട കെല്ലി ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് പറഞ്ഞു.

ഗാര്‍ഹികപീഡനത്തിന് പട്ടാളക്കോടതിവിചാരണ നേരിടുകയും ശിക്ഷിക്കപ്പെടുകയും ചെയ്ത കെല്ലിയുടെ പേര് ഇത്തരത്തില്‍ പിടിയിലായവരുടെ പട്ടികയില്‍ വ്യോമസേന പെടുത്താതിരുന്നതിനെക്കുറിച്ച് അന്വേഷിക്കും. തോക്കുവാങ്ങുന്നതിനുള്ള കെല്ലിയുടെ ലൈസന്‍സ് റദ്ദാക്കിയിരുന്നെന്നും പോലീസ് പറഞ്ഞു.

കെല്ലിയെ നേരിട്ട സ്റ്റീഫന്‍ വിലിഫോഡ് (55), ജോണി ലാങ്കെന്‍ഡോര്‍ഫ് (27) എന്നിവരെ ബുധനാഴ്ച അനുമോദിച്ചു. സ്വന്തം തോക്കെടുത്ത് വിലിഫോഡ് കെല്ലിയെ വെടിവെച്ചു. കാറില്‍ കയറിയ കെല്ലിയെ ലാങ്കെന്‍ഡോര്‍ഫിന്റെ വാഹനത്തില്‍ ഇരുവരും പിന്തുടര്‍ന്നു. അതിവേഗത്തില്‍ വണ്ടിയോടിച്ച കെല്ലിയുടെ വാഹനം വഴിയില്‍ ഇടിച്ചുതകര്‍ന്നു.