ലണ്ടൻ: പാരീസും സിങ്കപ്പൂരുമൊന്നുമല്ല, ലോകത്ത് ഏറ്റവുമധികം പോക്കറ്റ് കാലിയാക്കുന്ന നഗരം ഇപ്പോൾ ടെൽ അവീവാണ്. ഇസ്രയേലിന്റെ തലസ്ഥാനമായ ടെൽ അവീവ് മുൻവർഷത്തെക്കാൾ അഞ്ചുനഗരങ്ങളെ മറികടന്നാണ് ഈ സ്ഥാനത്തെത്തുന്നത്. പാരീസും സിങ്കപ്പൂരുമാണ് പട്ടികയിലെ രണ്ടാംസ്ഥാനക്കാർ. സൂറിച്ചും ഹോങ്‌ കോങ്ങും മൂന്നും നാലും സ്ഥാനത്തെത്തി. ആറാംസ്ഥാനത്താണ് ന്യൂയോർക്ക്.

ചെലവേറിയ നഗരമെന്ന സ്ഥാനം കഴിഞ്ഞകൊല്ലം പാരീസും സൂറിച്ചും ഹോങ് കോങ്ങും ചേർന്ന് പങ്കിടുകയായിരുന്നു. ‘ഇക്കണോമിസ്റ്റ് ഇൻറലിജൻസ് യൂണിറ്റി’ന്റെ (ഇ.ഐ.യു.) സർവേയുടെ അടിസ്ഥാനത്തിലാണ് ചെലവുകൂടിയ രാജ്യങ്ങളെ തിരഞ്ഞെടുക്കുന്നത്. 173 നഗരങ്ങളിലെ ചരക്കുകളുടെയും സേവനങ്ങളുടെയും വില യു.എസ്. ഡോളറുമായി താരതമ്യംചെയ്ത് തയ്യാറാക്കുന്ന ജീവിതച്ചെലവ് സൂചികയാണ്‌ ഇതിന് മാനദണ്ഡം. ഡോളറിനെതിരേ ദേശീയ കറൻസിയായ ഷെക്കലിന്റെ മൂല്യവും ഗതാഗതത്തിനും പലചരക്കുസാധനങ്ങളുടെയും വിലയിലുണ്ടായ വർധനയുമാണ് ടെൽ അവീവിനെ പട്ടികയിൽ മുകളിലെത്തിച്ചത്. സാധനങ്ങൾക്ക് വിലയേറിയ ഓഗസ്റ്റിനും സെപ്റ്റംബറിനുമിടയ്ക്കാണ് ഇക്കൊല്ലത്തെ ഡേറ്റ ശേഖരിച്ചതെന്നതും പ്രധാനമാണ്. അതേസമയം, പട്ടികയിൽ 79-ാം സ്ഥാനത്തായിരുന്ന ഇറാൻ തലസ്ഥാനമായ ടെഹ്റാൻ ഇത്തവണ 29-ാംസ്ഥാനത്തെത്തി.