ഇസ്ലാമാബാദ്: ലാഹോറിലെ പാര്‍ക്കില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ചാവേര്‍ ആക്രമണം പഞ്ചാബിലേക്കുള്ള തങ്ങളുടെ പ്രവേശനത്തിന്റെ മുന്നറിയിപ്പാണെന്ന് പാക് താലിബാന്‍. ക്രിസ്ത്യാനികളെയാണ് ലക്ഷ്യമിട്ടതെന്നും തെഹ്രികെ താലിബാന്‍ വക്താവ് ജമാലുല്‍ അഹ്രാര്‍ പറഞ്ഞു.
 
പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനുള്ള വ്യക്തമായ സന്ദേശമാണിതെന്നും ഇയാള്‍ ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു. ലാഹോര്‍ ആക്രമണത്തിനുശേഷവും തീവ്രവാദികളെ ഇല്ലാതാക്കുമെന്ന പഴയ നിലപാട് തന്നെയാണ് ഷെരീഫ് ആവര്‍ത്തിക്കുന്നതെന്നും ഇതിന് മറുപടിയായി ആക്രമണം അദ്ദേഹത്തിന്റെ പടിവാതിലില്‍ എത്തിയതായും സന്ദേശം പറയുന്നു.
 
സലാഹുദ്ദിന്‍ ഖുര്‍സാനിയെന്നയാളാണ് ചാവേര്‍ ആയതെന്നും അഹ്രാറാര്‍ പറഞ്ഞു. പാകിസ്താനിലെ എല്ലാവരും ഇസ്ലാം മതം സ്വീകരിക്കണമെന്നും അല്ലാത്തവരുടെ മതവിശ്വാസം സുരക്ഷിതമാകില്ലെന്നും ഇയാള്‍ മുന്നറിയിപ്പുനല്‍കി.

ഞായറാഴ്ച നടന്ന ചാവേര്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 74 ആയതായി സര്‍ക്കാര്‍ വക്താവ് പറഞ്ഞു. പരിക്കേറ്റ നൂറോളം പേര്‍ ചികിത്സയിലാണ്.ഇതിനിടെ, ലാഹോര്‍ പാര്‍ക്കിലുണ്ടായ ചാവേര്‍ ആക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡുകളില്‍ തീവ്രവാദികളെന്ന് സംശയിക്കുന്ന അയ്യായിരത്തോളം പേരെ കസ്റ്റഡിയിലെടുത്തതായി പഞ്ചാബ് പ്രവിശ്യമന്ത്രി റാണ സനുഹുള്ള പറഞ്ഞു. ഇതില്‍ സംശയമുള്ള 216 പേരെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.