കാബൂളിൽ: അഫ്ഗാനിസ്താനിൽ താലിബാൻ പ്രഖ്യാപിച്ച താത്‌കാലിക സർക്കാരിൽ പ്രാതിനിധ്യം ലഭിക്കാത്തതിൽ സ്ത്രീകളുടെ പ്രതിഷേധം. തലസ്ഥാനമായ കാബൂളിലും വടക്കുകിഴക്കൻ പ്രവിശ്യയായ ബദഖ്ശാനിലുമാണ് സ്ത്രീകൾ ഒത്തുകൂടിയത്. വനിതാമന്ത്രിമാരില്ലാത്ത സർക്കാർ അംഗീകരിക്കില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു.

സർക്കാർ രൂപവത്‌കരണത്തിനുപിന്നാലെ പൊതുയിടങ്ങളിലെ പ്രതിഷേധങ്ങൾക്ക് താലിബാൻ വിലക്കേർപ്പെടുത്തിയിരുന്നു. നിയന്ത്രണങ്ങൾ വകവെക്കാതെയായിരുന്നു സ്ത്രീകൾ രംഗത്തിറങ്ങിയത്. പ്രതിഷേധങ്ങൾക്കുനേരെ താലിബാൻ അക്രമം അഴിച്ചുവിട്ടതായും ചില സ്ത്രീകൾക്ക് മർദനമേറ്റതായും റിപ്പോർട്ടുണ്ട്.

അതിനിടെ, അഫ്ഗാനിസ്താനിലെ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന ഉറപ്പ് താലിബാൻ ലംഘിച്ചതായി ഐക്യരാഷ്ട്രസഭ (യു.എൻ.) ആരോപിച്ചു. ‘‘സ്ത്രീകളുടെ അവകാശങ്ങൾ ലംഘിക്കുന്നതായുള്ള റിപ്പോർട്ടുകളാണ് ഓരോ ദിവസവും ലഭിക്കുന്നത്’’ -യു.എന്നിന്റെ സ്ത്രീകളുടെ വിഭാഗത്തിന്റെ അഫ്ഗാനിലെ പ്രതിനിധിയായ അലിസൺ ഡേവിഡിയൻ പറഞ്ഞു. കുടുംബത്തിലെ പുരുഷ അംഗത്തിന്റെ കൂടെയല്ലാതെ പുറത്തിറങ്ങാൻ സ്ത്രീകൾക്ക് അനുവാദമില്ലാത്ത അവസ്ഥയാണ്. ചില പ്രവിശ്യകളിൽ സ്ത്രീകളെ ജോലിക്കുപോകുന്നതിൽനിന്ന്‌ വിലക്കുന്നതായും അവർ ചൂണ്ടിക്കാട്ടി.

യു.എസ്. പിന്മാറ്റത്തിനുശേഷമുള്ള ആദ്യ രക്ഷാപ്രവർത്തനവിമാനം പറന്നുയർന്നു

കാബൂൾ: യു.എസ്. സൈനികപിന്മാറ്റം പൂർത്തിയായ ഓഗസ്റ്റ് 30-നുശേഷമുള്ള ആദ്യ രക്ഷാപ്രവർത്തനവിമാനം കാബൂൾ വിമാനത്താവളം വിട്ടു. യു.എസ്. പൗരന്മാർ ഉൾപ്പെടെ 200 യാത്രക്കാർ ഉൾപ്പെടുന്ന വിമാനം ദോഹയിലേക്കാണ് പോയത്. യു.എസ്. അഭ്യർഥനപ്രകാരം താലിബാൻ വിമാനത്തിന് അനുമതി നൽകുകയായിരുന്നു.

പ്രതിഷേധങ്ങൾ റിപ്പോർട്ടുചെയ്ത മാധ്യമപ്രവർത്തകർക്ക് മർദനം

കാബൂൾ: സ്ത്രീകളുടെ പ്രതിഷേധം റിപ്പോർട്ടുചെയ്ത അഫ്ഗാൻ മാധ്യമപ്രവർത്തകർക്ക് താലിബാന്റെ ക്രൂരമർദനം. അഫ്ഗാൻ മാധ്യമമായ എറ്റിലാട്രോസിലെ മാധ്യമപ്രവർത്തകരായ നേമത് നഖ്‌വി, താഖി ദരിയാബി എന്നിവർക്കാണ് മർദനമേറ്റത്. ദേഹമാസകലം പരിക്കുകളോടെയുള്ള ഇവരുടെ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.

വിദ്യാഭ്യാസം അടക്കമുള്ള അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കാബൂളിൽ ബുധനാഴ്ച സ്ത്രീകൾ നടത്തിയ പ്രതിഷേധം റിപ്പോർട്ടുചെയ്യുന്നതിനിടെ താലിബാൻ സംഘം ഇവരെ മർദിക്കുകയായിരുന്നു. ദരിയാബി വീഡിയോ എഡിറ്ററും നഖ്‌വി റിപ്പോർട്ടറുമാണ്.

ഇവരെക്കൂടാതെ യൂറോപ്യൻ മാധ്യമശൃംഖലയായ യൂറോ ന്യൂസിന്റെ തലവൻ ഉൾപ്പെടെ മൂന്നുമാധ്യമപ്രവർത്തകരെയും താലിബാൻ അറസ്റ്റുചെയ്തതായി റിപ്പോർട്ടുണ്ട്.