കാബൂൾ: അഫ്ഗാനിസ്താനിൽ തങ്ങളുടെ അധീനതയിലല്ലാത്ത അവസാന പ്രവിശ്യയായ പഞ്ച്ശീറും പിടിച്ചെടുത്തതോടെ യുദ്ധം അവസാനിച്ചതായി താലിബാൻ. “യുദ്ധത്തിന് അന്ത്യമായി. ഇനി രാജ്യം പുനർനിർമിക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കും. താലിബാൻ വക്താവ് സബിനുള്ള മുജാഹിദ് പറഞ്ഞു.

എന്നാൽ അവകാശവാദങ്ങൾ തള്ളിയ പഞ്ച്ശീർ പ്രതിരോധസേന നേതാവ് അഹമ്മദ് മസൂദ് പോരാട്ടം തുടരുന്നതായി വ്യക്തമാക്കി.

സംഘടനയുടെ ആയിരക്കണക്കിന് അംഗങ്ങൾ ചേർന്ന് ഒറ്റ രാത്രികൊണ്ട് പഞ്ച്ശീർ കീഴടക്കിയെന്നാണ് താലിബാന്റെ അവകാശവാദം. പഞ്ച്ശീർ പ്രവിശ്യാ ഗവർണറുടെ കാര്യാലയത്തിന് മുന്നിൽ താലിബാൻ പതാക ഉയർത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

താലിബാനെതിരേ ദേശീയതലത്തിൽ ഐക്യം രൂപപ്പെടണമെന്ന് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ട ശബ്ദസന്ദേശത്തിൽ മസൂദ് ആവശ്യപ്പെട്ടു. താലിബാൻ ആക്രമണത്തിൽ അനന്തരവനും സേനയിലെ മുതിർന്ന അംഗവുമായ അബ്ദുൾ വുദോദ് സാറാ കൊല്ലപ്പെട്ടതായും മസൂദ് സ്ഥിരീകരിക്കുന്നുണ്ട്. അതിനിടെ പാകിസ്താൻ സൈന്യത്തിന്റെ എം.ഐ-17 ഹെലികോപ്റ്റർ പാഞ്ച്ശീറിലെത്തിയതിന്റെ ദൃശ്യങ്ങൾ പ്രതിരോധസേന പുറത്തുവിട്ടു. പ്രവിശ്യ പിടിച്ചതായുള്ള താലിബാൻ അവകാശവാദത്തിനു പിന്നാലെയായിരുന്നു ഇത്.