കാബൂൾ: അഫ്ഗാനിസ്താനിൽ സർക്കാരുണ്ടാക്കുന്നതിൽ തമ്മിലടിച്ച് താലിബാനും ഹഖാനി ശൃംഖലയും. സഖ്യകക്ഷികളായ ഇരുകൂട്ടരും ഏറ്റുമുട്ടിയെന്നും നിയുക്തസർക്കാരിനെ നയിക്കുമെന്ന് പ്രതീക്ഷിക്കുന്ന മുല്ലാ ബരാദറിന് വെടിയേറ്റെന്നും പഞ്ച്ശിർ ഒബ്‌സെർവർ റിപ്പോർട്ട് ചെയ്തു. ഗുരുതരമായി പരിക്കേറ്റ ബരാദറിനെ പാകിസ്താനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പഞ്ച്ശീർ നിയന്ത്രിക്കുന്ന പ്രതിരോധസേനയും വെളിപ്പെടുത്തി.

പുതിയ സർക്കാരിൽ ന്യൂനപക്ഷങ്ങൾക്കും പ്രാതിനിധ്യം നൽകണമെന്നാണ് ബരാദറിന്റെ ആവശ്യം. എന്നാൽ തീവ്ര യാഥാസ്ഥിതിക വിഭാഗങ്ങളെമാത്രം ഉൾപ്പെടുത്തിയുള്ള സുന്നി-പഷ്തൂൺ സർക്കാർ മതിയെന്ന നിലപാടിൽ ഹഖാനി ശൃംഖലയുടെ തലവൻ അനസ് ഹഖാനി ഉറച്ചുനിന്നു. ഇതോടെ ഇരുനേതാക്കളും ഏറ്റുമുട്ടിയെന്നും അപ്പോഴാണ് ബരാദറിന് വെടിയേറ്റതെന്നുമാണ് വിവരം. സർക്കാർ പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് താലിബാൻ നേരത്തേ പ്രഖ്യാപിച്ചെങ്കിലും അധികാരത്തർക്കവും ബരാദറിന് പരിക്കേറ്റതും കാരണം നീട്ടിക്കൊണ്ടുപോവുകയാണെന്നാണ് സൂചന. പഞ്ച്ശീറിലെ ഏറ്റുമുട്ടലവസാനിപ്പിച്ച് കാബൂളിൾ തിരിച്ചെത്താൻ താലിബാൻ സംഘത്തിന് നിർദേശം ലഭിച്ചെന്നും റിപ്പോർട്ടുണ്ട്. എന്നാൽ, പഞ്ച്ശീറിൽ താലിബാനും പ്രതിരോധസേനയും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. അതിനിടെ പ്രശ്നപരിഹാരത്തിന് പാക് രഹസ്യാന്വേഷണവിഭാഗം (ഐ.എസ്.ഐ.) തലവൻ ലെഫ്റ്റനന്റ് ജനറൽ ഫായിസ് ഹമീദ് കാബൂളിലെത്തി. താലിബാന്റെ ക്ഷണപ്രകാരം മുതിർന്ന പാക് നേതാക്കളും ഹമീദിനൊപ്പമുണ്ട്.