ഈസ്താംബൂൾ: കാബൂൾ വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുക്കണമെന്ന് താലിബാൻ തുർക്കിയോട് അഭ്യർഥിച്ചതായി റിപ്പോർട്ട്. തുർക്കി പ്രസിഡന്റ് രജപ് തയ്യിപ് ഉർദുഗാനാണ് ഇക്കാര്യം അറിയിച്ചത്. താലിബാൻ സർക്കാർ രൂപവത്കരിച്ച ശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂവെന്ന് അദ്ദേഹം പറഞ്ഞു.

കാബൂളിലെ തുർക്കി നയതന്ത്രകാര്യാലയത്തിൽ താലിബാനുമായി തുർക്കി പ്രതിനിധികൾ മൂന്നു മണിക്കൂറിലേറെ നീണ്ട ചർച്ച നടത്തിയെന്നാണ് വിവരം. ആവശ്യമെങ്കിൽ കൂടിക്കാഴ്ചകൾ ഇനിയും നടത്തുമെന്നും അഫ്ഗാനിൽനിന്നുള്ള തുർക്കി സേനാപിന്മാറ്റം പുരോഗമിക്കുകയാണെന്നും ഉർദുഗാൻ വ്യക്തമാക്കി.

ജൂണിൽ നാറ്റോ ൈസനിക പിന്മാറ്റം പ്രഖ്യാപിച്ചതിനു പിന്നാലെ വിമാനത്താവള നിയന്ത്രണം തുർക്കി ഏറ്റെടുക്കുന്നത് സംബന്ധിച്ച സാധ്യതകൾ ചർച്ച ചെയ്തിരുന്നു.

ഒഴിപ്പിക്കൽ തുടരുന്നു. ചാവേറാക്രമണങ്ങൾക്കുപിന്നാലെ കാബൂൾ വിമാനത്താവളത്തിൽനിന്നുള്ള രക്ഷാപ്രവർത്തനം പുനരാരംഭിച്ചു. എല്ലാ രാജ്യങ്ങളുടെയും ദൗത്യസംഘങ്ങൾ പിന്മാറിയ ശേഷം മാത്രമാകും അഫ്ഗാൻ വിടുകയെന്ന് യു.എസ്. അറിയിച്ചു. താലിബാൻ അധികാരം പിടിച്ച ഓഗസ്റ്റ് 14-നുശേഷം 1,05,000 പേരെ രാജ്യത്തു നിന്ന്‌ രക്ഷപ്പെടുത്തി. 5,000-ത്തോളം പേർ വിമാനങ്ങൾക്കായി കാത്തിരിക്കുകയാണെന്നും യു.എസ്. വ്യക്തമാക്കി. അതിനിടെ രക്ഷാപ്രവർത്തനം അവസാനിപ്പച്ചതായി സ്വീഡൻ, സ്പെയിൻ, ഓസ്‌ട്രേലിയ, ജർമനി എന്നീ രാജ്യങ്ങൾ അറിയിച്ചു. ഒഴിപ്പിക്കലിൻറെ അവസാന ഘട്ടങ്ങളിലാണെന്ന് ബ്രിട്ടൻ വ്യക്തമാക്കി.