കാബൂൾ: അഫ്ഗാനിസ്താനിൽ ഭരണം എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്നറിയാതെ താലിബാൻ പ്രതിസന്ധിയിൽ. വാഗ്ദാനങ്ങൾ പാലിക്കാനും മനുഷ്യാവകാശപ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ട് രാജ്യത്തെ മുന്നോട്ടുനയിക്കാനും താലിബാൻ പ്രയാസപ്പെടുന്നതായി പോളിസി റിസർച്ച് ഗ്രൂപ്പ് സ്ട്രാറ്റെജിക് ഇൻസൈറ്റിൽ വ്യക്തമാക്കുന്നു.

1996-2001 കാലത്തിലെ സർക്കാരിന്റെ പാതയിലേക്കാണ് താലിബാന്റെ പോക്കെന്നാണ് അവിടെനിന്നുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നതെന്ന് ഫ്രഞ്ച് നാഷണൽ സെന്റർ ഫോർ സയന്റിഫിക് റിസർച്ചിലെ പ്രൊഫസറായ ആദം ബാക്സ്കോ പറഞ്ഞു. അന്താരാഷ്ട്ര ഇടപെടലുകളിൽ ഭയപ്പെടാതെ തങ്ങളുടെ ശൈലിയിൽ പ്രവർത്തിക്കാൻ താലിബാൻ ആഗ്രഹിക്കുന്നതായാണ് സൂചന. അധികാരം പിടിച്ച് നാലുമാസത്തിനുശേഷമുള്ള താലിബാന്റെ നടപടികളും അതാണ് കാണിക്കുന്നത്. സ്ത്രീകൾ അഭിനയിച്ച സിനിമകളും നാടകങ്ങളും സംപ്രേഷണം ചെയ്യുന്നത് വിലക്കിക്കൊണ്ട് താലിബാൻ പുതിയ ‘മതമാർഗനിർദേശങ്ങൾ’ പുറത്തുവിട്ടത് ഇതിനുദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.