കാബൂൾ: അഫ്ഗാനിസ്താനിൽ സർക്കാർ സൈന്യവുമായി മൂന്നു ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിക്കുന്നതായി താലിബാൻ. റംസാന്റെ പശ്ചാത്തലത്തിലാണ് വെടിനിർത്തൽ. 2001-ൽ അഫ്ഗാനിൽ യു.എസ്. അധിനിവേശം നടത്തിയതിനുശേഷം ആദ്യമായാണ് സർക്കാരും താലിബാനും വെടിനിർത്തൽ കരാറിലേർപ്പെടുന്നത്.

ജൂൺ 19 വരെ താലിബാനുമായി താത്കാലിക വെടിനിർത്തൽ പ്രഖ്യാപിക്കുന്നതായി അഫ്ഗാൻപ്രസിഡൻറ് അഷ്റഫ് ഘനി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. അക്രമത്തിലൂന്നിയ പ്രചാരണം ജനങ്ങളുടെ മനസ്സിലുണ്ടാക്കുന്നത് ആവേശമല്ല. ജനങ്ങളിൽനിന്ന് ഒറ്റപ്പെടുകയാണ് ചെയ്യുന്നതെന്ന് മനസ്സിലാക്കാൻ താലിബാൻ ഭീകരർക്ക് ഈ നീക്കത്തിലൂടെ കഴിയട്ടെയെന്ന് ഘനി പ്രത്യാശിച്ചു.

താലിബാൻ ആക്രമണം: 19 പോലീസുകാർ കൊല്ലപ്പെട്ടു

കുണ്ടൂസ്: അഫ്ഗാനിസ്താനിലെ കുണ്ടൂസ് പ്രവിശ്യയിൽ താലിബാൻ ആക്രമണത്തിൽ 19 പോലീസുകാർ കൊല്ലപ്പെട്ടു. ശനിയാഴ്ച പുലർച്ചെ കുണ്ടൂസിന്റെ വടക്കൻ പ്രവിശ്യയിലുള്ള പോലീസ് ആസ്ഥാനത്തായിരുന്നു ആക്രമണം. അഞ്ചുപേർക്ക് പരിക്കേറ്റു. എട്ട് താലിബാൻ ഭീകരരും കൊല്ലപ്പെട്ടു.

മൂന്നുദിവസത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിക്കുന്നുവെന്ന താലിബാന്റെ പ്രഖ്യാപനം വരുന്നതിന് മണിക്കൂറുകൾക്ക് മുൻപായിരുന്നു ആക്രമണം. വെള്ളിയാഴ്ച ഹെരാത്ത് പ്രവിശ്യയിലെ സൈനികാസ്ഥാനത്ത് നുഴഞ്ഞുകയറ്റക്കാർ നടത്തിയ ആക്രമണത്തിൽ 17 സൈനികർ കൊല്ലപ്പെട്ടിരുന്നു.