കാബൂൾ: അഫ്ഗാനിസ്താനിലെ ഹെൽമണ്ട് പ്രവിശ്യയിൽ താടി വടിക്കുന്നതും ഒതുക്കുന്നതും ഉൾപ്പെടെയുള്ള ജോലികൾ ചെയ്യരുതെന്ന് മുടിവെട്ടുകാരോട് താലിബാൻ. മതനിയമങ്ങളെ ലംഘിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് നടപടി.

നിയമം ലംഘിക്കുന്നവർക്ക് തക്കതായ ശിക്ഷയനുഭവിക്കേണ്ടിവരും. പരാതിപ്പെടാൻ ആർക്കും അധികാരമില്ലെന്നും പ്രവിശ്യയിലെ സലൂണുകൾക്കുമുന്നിൽ പതിച്ച നോട്ടീസിൽ വ്യക്തമാക്കുന്നു.

നിയമം ലംഘിക്കുന്നവരെ കണ്ടെത്താൻ പ്രത്യേകസംഘങ്ങളെ നിയോഗിച്ചതായി താലിബാൻ അംഗങ്ങൾ കടയുടമകളെ ഭീഷണിപ്പെടുത്തി. താടിയും മുടിയും വെട്ടുന്നതിൽ ഷരിയ നിയമം പിന്തുടരാനും അമേരിക്കൻരീതിയിലുള്ള താടിവെട്ട് അവസാനിപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

1996-2001 കാലത്തെ മുൻഭരണത്തിൽ ആകർഷകമായരീതിയിൽ മുടിവെട്ടുന്നതിന് താലിബാൻ വിലക്കേർപ്പെടുത്തിയിരുന്നു. താടി നീട്ടിവളർത്താനും നിർദേശമുണ്ടായിരുന്നു. എന്നാൽ, താലിബാൻ അധികാരമൊഴിഞ്ഞതോടെ പാശ്ചാത്യരീതിയിലുള്ള മുടിവെട്ടലുകൾ രാജ്യത്തെ യുവാക്കൾക്കിടയിൽ സാധാരണമായിമാറുകയായിരുന്നു.