കാബൂൾ: അഫ്ഗാനിസ്താനിലെ കാബൂളിൽ സ്ത്രീകളുടെ പ്രതിഷേധം റിപ്പോർട്ടുചെയ്യാൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ താലിബാൻസംഘം മർദിച്ചു. വ്യാഴാഴ്ച രാവിലെ കാബൂളിലെ വിദ്യാഭ്യാസമന്ത്രാലയത്തിനുസമീപം 20 സ്ത്രീകളാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

ജോലിചെയ്യാനും പഠിക്കാനുമുള്ള അവകാശം നിഷേധിക്കുന്നതായും വിദ്യാഭ്യാസമേഖല രാഷ്ട്രീയവത്കരിക്കുന്നത് അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. തൊഴിലില്ലായ്മയും പട്ടിണിയും രാജ്യത്ത് വ്യാപിക്കുന്നതായും ചൂണ്ടിക്കാട്ടി. സ്ത്രീകളെ പ്രതിേഷധിക്കാൻ താലിബാൻസംഘം അനുവദിച്ചു. എന്നാൽ, പ്രതിഷേധം റിപ്പോർട്ടുചെയ്യാൻ ശ്രമിച്ച വിദേശമാധ്യമപ്രവർത്തകനെ തോക്കിന്റെ പുറംഭാഗം കൊണ്ടിടിച്ചു. മറ്റുരണ്ട്‌ മാധ്യമപ്രവർത്തകർക്കും ക്രൂരമായ മർദനമേറ്റു.

താലിബാനോടുള്ള ഭയം അവസാനിപ്പിക്കണമെന്നും അവകാശങ്ങൾക്കായി തെരുവിലിറങ്ങാൻ ജനങ്ങൾ തയ്യാറാകണമെന്നും പ്രതിഷേധം സംഘടിപ്പിച്ച അഫ്ഗാൻ വനിത സഹ്റ മുഹമ്മദി പറഞ്ഞു. യു.എസ്. നിർമിത എം-16, എ.കെ.-47 തോക്കുകളേന്തി കനത്ത മുൻകരുതലിലാണ് താലിബാൻസംഘം പ്രതിഷേധത്തെ നേരിട്ടത്.