കാബൂൾ: ന്യൂയോർക്കിൽ നടന്നുവരുന്ന ഐക്യരാഷ്ട്രസഭ പൊതുസമ്മേളനത്തിൽ അഫ്ഗാനിസ്താനെ അഭിസംബോധന ചെയ്യാൻ അനുവദിക്കണമെന്ന ആവശ്യവുമായി താലിബാൻ. അഫ്ഗാനിലെ താലിബാൻ സർക്കാരിന്റെ വിദേശകാര്യമന്ത്രി അമിർ ഖാൻ മുത്തഖി ഇക്കാര്യം കാണിച്ച് തിങ്കളാഴ്ച യു.എന്നിന് കത്തുനൽകി.

താലിബാന്റെ ദോഹയിലെ വക്താവ് സുഹൈൽ ഷഹീനെ അഫ്ഗാനിസ്താൻറെ യു.എൻ. സ്ഥാനപതിയായി നാമനിർദേശം ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് അവസാനം രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തതിനു പിന്നാലെ മുൻ സർക്കാരിന്റെ സ്ഥാനപതി ഗുലാം ഇസാക്‌സായിയെ താലിബാൻ പുറത്താക്കിയിരുന്നു.

യു.എസ്., ചൈന, റഷ്യ എന്നീ രാജ്യങ്ങൾ ഉൾപ്പെടെ ഒന്പതംഗ സമിതിയാകും അപേക്ഷ പരിഗണിക്കുകയെന്ന് യു.എൻ. വക്താവ് അറിയിച്ചു. എന്നാൽ പൊതുസഭ സമ്മേളനം അവസാനിക്കുന്ന തിങ്കളാഴ്ചയ്ക്കു മുന്നോടിയായി സമിതി യോഗം ചേരില്ല. അതിനാൽ സമ്മേളന കാലയളവിൽ ഗുലാം ഇസാക്‌സായിതന്നെയായിരിക്കും അഫ്ഗാൻ സ്ഥാനപതി.

സമ്മേളനത്തിന്റെ അവസാനദിവസം അദ്ദേഹം സംസാരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. താലിബാൻ മുൻ ഭരണകാലത്ത് അവർ പുറത്താക്കിയ സർക്കാരിന്റെ പ്രതിനിധിയെ സ്ഥാനപതിയായി തുടരാൻ യു.എൻ. അനുവദിച്ചിരുന്നു. താലിബാൻ സർക്കാരിന് ഇതുവരേയും യു.എൻ. അംഗീകാരം നൽകിയിട്ടില്ല.