കാബൂൾ: അഫ്ഗാനിസ്താനിൽ ഏഴുമുതൽ 12 വരെയുള്ള ക്ലാസുകളിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ച് താലിബാൻ. ആൺകുട്ടികൾക്കു മാത്രമായി രാജ്യത്തെ ഹൈസ്കൂളുകൾ തുറക്കാനുള്ള ഉത്തരവ് താലിബാൻ വെള്ളിയാഴ്ച ഇറക്കി.

താലിബാന്റെ വിദ്യാഭ്യാസമന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പെൺകുട്ടികളുടെ കാര്യം പരാമർശിക്കുന്നില്ല. ഇതോടെ ഒരുമാസത്തെ ഇടവേളയ്ക്കുശേഷം ശനിയാഴ്ച സ്കൂളുകൾ തുറക്കുമ്പോൾ ആൺകുട്ടികൾക്ക് തിരികെയെത്താൻ സാധിക്കും. പെൺകുട്ടികൾക്ക് വീടുകളിൽത്തന്നെ ഇരിക്കേണ്ടിവരും. ഉത്തരവിൽ പുരുഷ അധ്യാപകർക്ക് മാത്രമാണ് ക്ലാസുകളിൽ ഹാജരാകാൻ നിർദേശമുള്ളത്. ഇതോടെ അധ്യാപികമാരുടെ ഭാവിയും അനിശ്ചിതത്വത്തിലായി.

രാജ്യത്തെ പകുതിയോളം വിദ്യാർഥികൾക്ക് സെക്കൻഡറി വിദ്യാഭ്യാസം നിഷേധിക്കുന്ന ലോകത്തെ ഏകരാജ്യമായി അഫ്ഗാനിസ്താൻ മാറും. മുൻ ഭരണകാലത്തെപ്പോലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കില്ലെന്ന സൂചനയാണ് താലിബാൻ നേരത്തേ നൽകിയിരുന്നത്. എന്നാൽ, ഹൈസ്കൂളുകളിൽ പെൺകുട്ടികൾക്ക് അനുമതി നിഷേധിച്ച നടപടി ഭാവിയിൽ സർവകലാശാലാ വിദ്യാഭ്യാസത്തെയും ബാധിക്കുമെന്ന് ഉറപ്പാണ്. രാജ്യത്തെ ഭൂരിഭാഗം സ്ത്രീകളും ജോലിക്കെത്തുന്നത് താലിബാൻ ഇതിനകം വിലക്കിയിട്ടുണ്ട്.

ജലാലാബാദിൽ സ്ഫോടനങ്ങളിൽ രണ്ടു മരണം

ജലാലാബാദ്: അഫ്ഗാനിസ്താനിലെ കിഴക്കൻ നഗരമായ ജലാലാബാദിൽ ശനിയാഴ്ചയുണ്ടായ മൂന്നു സ്ഫോടനങ്ങളിൽ രണ്ടുപേർ മരിച്ചു. 20-ലധികം പേർക്ക് പരിക്കേറ്റു. തങ്ങളുടെ പരിശോധനാവാഹനം ലക്ഷ്യമാക്കിയാണ് ആക്രമണമുണ്ടായതെന്ന് താലിബാൻ വ്യക്തമാക്കി.

സ്ത്രീകളും കുട്ടികളും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. യു.എസ്. സൈനികപിന്മാറ്റം പൂർത്തിയായതിനുശേഷം നടക്കുന്ന ആദ്യത്തെ സ്ഫോടനമാണ്. എന്നാൽ, മൂന്നുപേർ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്നാണ്‌ പ്രവിശ്യ ആരോഗ്യവിഭാഗം നൽകുന്ന വിവരം. ഭീകരസംഘടനയായ ഐ.എസിൻറെ അഫ്ഗാനിലെ ശക്തികേന്ദ്രമാണ് ജലാലാബാദ്.