ഡമാസ്‌കസ്: സിറിയയിലെ കിഴക്കന്‍ ഘൗട്ടയില്‍ ബുധനാഴ്ച രാത്രിവൈകി നടന്ന വ്യോമാക്രമണത്തിനുശേഷം ഒട്ടേറെപ്പേര്‍ക്ക് ശ്വാസതടസ്സം നേരിട്ടതായി സന്നദ്ധസംഘടന പറഞ്ഞു. വിഷവാതകപ്രയോഗം നേരിട്ടതിന്റെ ലക്ഷണങ്ങളാണ് ഇവര്‍ പ്രകടിപ്പിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

സഖ്ബ, ഹമ്മുറിയേ എന്നിവിടങ്ങളിലായിരുന്നു വ്യോമാക്രമണം. ഇതേത്തുടര്‍ന്ന് അറുപതോളം പേര്‍ക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായതായി ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പറഞ്ഞു.

ആരോഗ്യരക്ഷാകേന്ദ്രത്തിലെത്തിച്ച 29 പേരെ ചികിത്സിച്ചതില്‍നിന്ന് ഇത് വിഷവാതക പ്രയോഗമാണെന്നാണ് മനസ്സിലായതെന്ന് സിറിയന്‍ അമേരിക്കന്‍ മെഡിക്കല്‍ സൊസൈറ്റി (സാംസ്) പറഞ്ഞു. ക്ലോറിന്‍ വാതകമാണ് പ്രയോഗിച്ചതെന്നും സാംസ് പറഞ്ഞു. ചികിത്സയ്‌ക്കെത്തിയവരില്‍ പലര്‍ക്കും ശ്വാസതടസ്സമുണ്ടായിരുന്നു. കണ്ണുകള്‍ ചുവന്നിരുന്നു. മൂക്കൊലിപ്പുമുണ്ടായിരുന്നുവെന്ന് സാംസ് സാമൂഹിക മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറയുന്നു.

ശുദ്ധവായു കിട്ടാനായി ഹമ്മുറിയേയിലെ നാലുനില കെട്ടിടത്തിനുമുകളില്‍ കയറിനിന്ന നാല്‍പ്പതോളം പേരെ സന്നദ്ധപ്രവര്‍ത്തകര്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു.

സിറിയന്‍ സര്‍ക്കാര്‍ ഏതാനും ആഴ്ചകളായി കിഴക്കന്‍ ഘൗട്ടയില്‍ ക്ലോറിന്‍ വാതകം പ്രയോഗിക്കുന്നു എന്ന ആരോപണമുണ്ട്. സര്‍ക്കാരും അവരെ പിന്തുണയ്ക്കുന്ന റഷ്യയും ഇതു നിഷേധിക്കുകയാണ്. ഏഴുവര്‍ഷമായി നടക്കുന്ന യുദ്ധത്തിനിടെ മൂന്നുതവണ സര്‍ക്കാര്‍ സേന ക്ലോറിന്‍ വാതകവും ഒരുതവണ സരിന്‍ വാതകവും പ്രയോഗിച്ചിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭ കണ്ടെത്തിയിരുന്നു.

വിമതരുടെ നിയന്ത്രണത്തിലുള്ള കിഴക്കന്‍ ഘൗട്ട പിടിക്കാന്‍ സിറിയന്‍ സര്‍ക്കാര്‍ ഫെബ്രുവരി 18 മുതല്‍ ആക്രമണം നടത്തുകയാണ്. ഇതുവരെ 900 പേര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച മാത്രം 91 പേര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി പറഞ്ഞു. കര-വ്യോമാക്രമണം തുടരുന്ന ഇവിടെ, ഭക്ഷണവും മരുന്നും എത്തിക്കാന്‍ സന്നദ്ധസംഘടനകള്‍ക്ക് വ്യാഴാഴ്ചയും കഴിഞ്ഞില്ല.