സിറിയ: സിറിയയില്‍ വിമതരുടെ അവസാനശക്തികേന്ദ്രങ്ങളിലൊന്നായ കിഴക്കന്‍ ഘൗട്ടയിലെ പ്രധാനപട്ടണമായ ഡൂമ ഒറ്റപ്പെട്ടു.

ഡൂമയെ ഒറ്റപ്പെടുത്തി വിമതരുടെ അധീനതയിലുള്ള പ്രദേശങ്ങളെ മൂന്നായി വിഭജിക്കാന്‍ സൈന്യത്തിന് കഴിഞ്ഞതായി പോരാട്ടം നിരീക്ഷിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പറഞ്ഞു.

ഡൂമയെ പടിഞ്ഞാറന്‍ നഗരമായ ഹരാസ്തയുമായി ബന്ധിപ്പിക്കുന്ന റോഡിന്റെയും മിസ്രബാ പട്ടണത്തിന്റെയും നിയന്ത്രണം സൈന്യം പിടിച്ചെടുത്തു.

മൂന്ന് പ്രധാനമേഖലകളില്‍ സൈന്യം മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് സിറിയന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ടെലിവിഷന്‍ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

ഫെബ്രുവരി 18-മുതലാണ് കിഴക്കന്‍ ഘൗട്ട തിരിച്ചുപിടിക്കാനുള്ള ശ്രമം സിറിയന്‍ സൈന്യം ആരംഭിച്ചത്. ഇവിടെ ഇതുവരെ 975-ലേറെപ്പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ ഇരുന്നൂറിലേറെപ്പേരും കുട്ടികളാണ്.