സ്റ്റോക്ക്‌ഹോം: സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റെഫാൻ ലോഫ്‌വെൻ വിശ്വാസ വോട്ടെടുപ്പിലൂടെ പുറത്തായി. ഭവനനിർമാണ പ്രതിസന്ധി, വസ്തുവില കുതിച്ചുയരൽ തുടങ്ങിയ വിഷയങ്ങളാണ് 2014 മുതൽ അധികാരത്തിലിരിക്കുന്ന സോഷ്യൽ ഡമോക്രാറ്റിക് പാർട്ടിക്കാരനായ സ്റ്റെഫാന് തിരിച്ചടിയായത്. തിങ്കളാഴ്ച പാർലമെന്റിൽ 109-നെതിരേ 175 വോട്ടുകൾക്കാണ് സ്റ്റെഫാന് പരാജയം ഏറ്റുവാങ്ങേണ്ടിവന്നത്.

രാജ്യത്ത് ഒരു പ്രധാനമന്ത്രി വിശ്വാസവോട്ടെടുപ്പിലൂടെ പുറത്തുപോകുന്നതും ഇതാദ്യമാണ്. നിലവിലെ ഭൂരിപക്ഷമനുസരിച്ച് പുതിയ സർക്കാരിനെ ക്ഷണിക്കണോ അതോ ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണോയെന്ന് ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമാകും. ഭരണത്തിലിരിക്കുന്ന സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ചെറുസഖ്യകക്ഷിയായ ലെഫ്റ്റ് പാർട്ടിയാണ് സ്റ്റെഫാനെതിരേ അവിശ്വാസപ്രമേയം കൊണ്ടുവന്നത്.