കാബൂള്‍: അഫ്ഗാനിസ്താന്‍ സുപ്രീംകോടതിയില്‍ ചൊവ്വാഴ്ച വൈകീട്ടുണ്ടായ ചാവേറാക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. നാല്‍പ്പതിലേറെപ്പേര്‍ക്ക് പരിക്കേറ്റു. ജോലികഴിഞ്ഞ് ജീവനക്കാര്‍ വീട്ടിലേക്കുപോകുമ്പോഴായിരുന്നു ആക്രമണം. പടിഞ്ഞാറന്‍ ഫറാ പ്രവിശ്യയില്‍ ബോംബാക്രമണത്തില്‍ ഉന്നതസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കകമാണ് ഈ സ്‌ഫോടനം.

കോടതിയുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നിടത്തേക്ക് നടന്നെത്തിയ ചാവേര്‍ ജീവനക്കാര്‍ ബസ്സില്‍ കയറുമ്പോള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നെന്ന് ആഭ്യന്തരമന്ത്രാലയ വക്താവ് നജീബുള്ള ഡാനിഷ് പറഞ്ഞു. കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനും അമേരിക്കന്‍ നയതന്ത്രകാര്യാലയത്തിനും മാധ്യേയുള്ള റോഡിനരികിലാണ് കോടതി. സ്‌ഫോടനസ്ഥലം പോലീസ് വളഞ്ഞു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. മുമ്പ് അഫ്ഗാന്‍കോടതികള്‍ക്കുനേരെയുണ്ടായ ആക്രമണങ്ങള്‍ നടത്തിയത് താലിബാനായിരുന്നു. ജനുവരിയില്‍ അഫ്ഗാന്‍ പാര്‍ലമെന്റ് മന്ദിരത്തോടുചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഓഫീസിന് നേരെയുണ്ടായ ഇരട്ട ചാവേറാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടിരുന്നു. അതു നടത്തിയതും താലിബാനായിരുന്നു.