ഖാർത്തൂം: ൈസനിക അട്ടിമറിക്കെതിരേ വടക്കൻ ആഫ്രിക്കൻ രാജ്യമായ സുഡാനിൽ പതിനായിരങ്ങൾ െതരുവിലിറങ്ങി. പ്രതിഷേധക്കാർക്കുനേരെ സൈന്യം നടത്തിയ വെടിവെപ്പിൽ ഏഴുപേർ കൊല്ലപ്പെട്ടു. 140 പേർക്ക് പരിക്കേറ്റു. തലസ്ഥാനമായ ഖാർത്തൂമിലും പ്രമുഖ നഗരമായ ഒംദുർമാനിലുമാണ് ജനം െതരുവിലിറങ്ങിയത്.

സൈന്യത്തിന്റെ നടപടിക്കെതിരേ രാഷ്ട്രീയപ്പാർട്ടിയായ ഫോഴ്സ് ഓഫ് ഫ്രീഡം ആൻഡ് ചെയ്ഞ്ച് രാജവ്യാപക പ്രതിഷേധത്തിന് ആഹ്വാനംചെയ്തു. പ്രതിഷേധക്കാർക്കുനേരെ സൈന്യം ഗ്രനേഡാക്രമണം നടത്തി. സൈന്യം വീടുകൾ കയറിയിറങ്ങി പ്രതിഷേധക്കാരെ അറസ്റ്റുചെയ്യുന്നതായും റിപ്പോർട്ടുണ്ട്. സൈനിക അട്ടിമറിയിൽ പ്രതിഷേധിച്ച് രാജ്യത്തെ ഡോക്ടർമാരും ബാങ്ക് ജീവനക്കാരും പണിമുടക്കിലാണ്. രാജ്യത്തെ ഇൻറർനെറ്റ്, ഫോൺ സംവിധാനങ്ങളും വിച്ഛേദിച്ചു.

തിങ്കളാഴ്ച രാവിലെയാണ് സുഡാനിലെ ഇടക്കാല സർക്കാരിനെ പുറത്താക്കി സൈന്യം അധികാരം പിടിച്ചെടുത്തത്. പ്രധാനമന്ത്രി അബ്ദല്ല ഹാംദോക്കിനെയും മറ്റു മന്ത്രിമാരെയും പ്രമുഖ രാഷ്ട്രീയനേതാക്കളെയും വീട്ടുതടങ്കലിലാക്കി. സൈന്യത്തിൻറെ നടപടിക്കെതിരേ അന്താരാഷ്ട്ര പ്രതിഷേധമുയർന്നിട്ടുണ്ട്.

ചൊവ്വാഴ്ച ചേർന്ന ഐക്യരാഷ്ട്രസഭ രക്ഷാസമിതിയോഗം വിഷയം ചർച്ചചെയ്തു. രാഷ്ട്രീയനേതാക്കളെ ഉടൻ മോചിപ്പിക്കണമെന്ന് ആഫ്രിക്കൻ യൂണിയൻ, യൂറോപ്യൻ യൂണിയൻ സംഘടനകളും യു.എസ്., ബ്രിട്ടൻ രാജ്യങ്ങളും ആവശ്യപ്പെട്ടു.