Stanley Hoഹോങ് കോങ്: ചൈനയുടെ സ്വയംഭരണപ്രദേശമായ മക്കാവുവിനെ ചൂതാട്ടത്തിന്റെ സാമ്രാജ്യമാക്കിയ സ്റ്റാൻലി ഹോ (98) അന്തരിച്ചു. 1921-ൽ ഹോങ് കോങ്ങിൽ സമ്പന്നകുടുംബത്തിലാണ് ജനനം. രണ്ടാംലോകയുദ്ധകാലത്ത് ഈപ്രദേശം ബ്രിട്ടനിൽനിന്ന് ജപ്പാൻ പിടിച്ചെടുത്തപ്പോൾ 21-ാം വയസ്സിൽ മക്കാവുവിലേക്ക് പലായനംചെയ്യുകയായിരുന്നു.

‘ചൂതാട്ടത്തിന്റെ രാജാവ്’ എന്നാണ് ഹോ അറിയപ്പെട്ടിരുന്നത്. 1961-ൽ മക്കാവുവിൽ ചൂതാട്ടത്തിനുള്ള കുത്തകാവകാശം നേടിയെടുത്തു. ചൂതാട്ടത്തോട് അഭിനിവേശമുള്ള ജനങ്ങളുള്ള ദ്വീപിൽ സ്റ്റാൻലിയുടെ കച്ചവടം പെട്ടെന്നുതന്നെ അഭിവൃദ്ധിയിലേക്ക് ഉയർന്നു. ‘ഏഷ്യയിലെ ലാസ് വേഗസാ’യി മക്കാവു അറിയപ്പെടാൻ തുടങ്ങി.

മക്കാവുവിലെ 26 ചതുരശ്രകിലോമീറ്റർ സ്ഥലത്ത് 20 കാസിനോകളാണ് ഹോയുടെ എസ്.ജെ.എം. ഹോൾഡിങ്‌സിനുള്ളത്. പിന്നീട് ഹോങ് കോങ്, പോർച്ചുഗൽ, ഉത്തരകൊറിയ എന്നിവിടങ്ങളിലേക്ക് കാസിനോ ബിസിനസ് വ്യാപിപ്പിച്ചു.

പുതിയ നിക്ഷേപകരെ ആകർഷിക്കാൻ ചൈന സമ്പദ്‍വ്യവസ്ഥ തുറന്നുകൊടുക്കാൻ തീരുമാനിച്ചതോടെ 2001-ൽ മക്കാവുവിൽ സ്റ്റാൻലിയുടെ കുത്തകാവകാശം അവസാനിച്ചു. 2014-ൽ ചൈനീസ് സർക്കാർ ആരംഭിച്ച അഴിമതിവിരുദ്ധ നടപടികൾ തിരിച്ചടിയായി.

നാലുഭാര്യമാരിലായി ഹോയ്ക്ക് 17 മക്കളുണ്ട്. 2018-ൽ കമ്പനിയുടെ ഉത്തരവാദിത്വങ്ങളിൽനിന്നെല്ലാം അദ്ദേഹം ഒഴിഞ്ഞു. 1490 കോടി യു.എസ്. ഡോളർ ആസ്തിയുള്ള കമ്പനിയുടെ സുപ്രധാനസ്ഥാനങ്ങളിൽ ഇപ്പോൾ അദ്ദേഹത്തിന്റെ അനന്തരാവകാശികളാണ്.

content highlights: Stanley Ho passes away