കൊളംബോ: സിംഹള-മുസ്ലിം സംഘര്‍ഷം തുടരുന്ന ശ്രീലങ്കയില്‍ ക്രമസമാധാനവകുപ്പിന്റെ ചുമതലയില്‍നിന്ന് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയെ പ്രസിഡന്റ് മൈത്രിപാല സിരിസേന നീക്കി. വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗം രഞ്ജിത് മഥുമ ബണ്ടാരയെ പോലീസിന്റെ ചുമതലയുള്ള പുതിയ ക്രമസമാധാനമന്ത്രിയായി നിയമിച്ചു. ഇദ്ദേഹം വ്യാഴാഴ്ച രാവിലെ സത്യപ്രതിജ്ഞ ചെയ്തു. കലാപത്തെത്തുടര്‍ന്ന് പതിനൊന്നുദിവസം മുന്‍പാണ് വിക്രമസിംഗെയ്ക്ക് ക്രമസമാധാനച്ചുമതലകൂടി നല്‍കിയത്.

ചൊവ്വാഴ്ച പ്രഖ്യാപിച്ച അടിയന്തരാവസ്ഥ മൂന്നാംദിവസം പിന്നിട്ടിട്ടും ശ്രീലങ്കയില്‍ സംഘര്‍ഷത്തിന് അയവില്ല. വിവിധയിടങ്ങളിലെ മുസ്!ലിങ്ങളുടെ വ്യാപാരസ്ഥാപനങ്ങള്‍ക്കുനേരേ കലാപകാരികള്‍ പെട്രോള്‍ ബോംബെറിഞ്ഞുവെന്നും പള്ളികള്‍ക്കുനേരേ ആക്രമണമുണ്ടായെന്നും പോലീസ് പറഞ്ഞു. കലാപത്തിന്റെ കേന്ദ്രമായ കാന്‍ഡിയില്‍ വ്യാഴാഴ്ചയും സിംഹളരും മുസ്!ലിങ്ങളും ഏറ്റുമുട്ടി. കലാപത്തില്‍ കത്തിച്ച വീടുകളുടെ എണ്ണം ഇരുനൂറ് കവിഞ്ഞു. അവശ്യസാധനങ്ങള്‍ വാങ്ങുന്നതുള്‍പ്പെടെയുള്ള അടിസ്ഥാനാവശ്യങ്ങള്‍ക്കായി വ്യാഴാഴ്ച പകല്‍ നിരോധനാജ്ഞയില്‍ ഇളവനുവദിച്ചു. സാമൂഹികമാധ്യമങ്ങള്‍ക്ക് ബുധനാഴ്ച മുതലേര്‍പ്പെടുത്തിയ വിലക്ക് തുടരുകയാണ്.

ബുധനാഴ്ച കാന്‍ഡിയില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ച് ഒരാള്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതോടെ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി. മുസ്ലിങ്ങള്‍ക്കുനേരേ നടക്കുന്ന അതിക്രമങ്ങളില്‍ അധികൃതര്‍ പുലര്‍ത്തുന്ന നിസ്സംഗതയെ ശ്രീലങ്കയിലെ പ്രധാന തമിഴ് പാര്‍ട്ടിയായ തമിഴ് ദേശീയ സഖ്യം (ടി.എന്‍.എ.) നേതാവ് ആര്‍. സംബന്ധന്‍ പാര്‍ലമെന്റില്‍ ചോദ്യംചെയ്തു.