കൊളംബോ: ശ്രീലങ്കൻ സ്ഫോടനപരമ്പരയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 359 ആയി. പരിക്കേറ്റ് ചികിത്സയിൽക്കഴിയുന്നവരിൽ പലരുടെയും നില ഗുരുതരമാണ്. ക്രിസ്ത്യൻപള്ളികളിലും പഞ്ചനക്ഷത്രഹോട്ടലുകളിലുമുൾപ്പെടെ ആക്രമണം നടത്തിയ ഒമ്പതുപേരിൽ എട്ടുപേരെ തിരിച്ചറിഞ്ഞതായി ശ്രീലങ്കൻ ഡെപ്യൂട്ടി പ്രതിരോധമന്ത്രി റുവാൻ വിജെവർധനെ പറഞ്ഞു. ആക്രമണം നടത്തിയവരിൽ ഒരു യുവതിയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചാവേറുകളിൽ ഒരാളുടെ ഭാര്യയാണിവർ. ഇവരെല്ലാം ശ്രീലങ്കൻപൗരന്മാരാണ്. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
സ്ഫോടനങ്ങൾ നടത്തിയവരെല്ലാം വിദ്യാസമ്പന്നരും ഇടത്തരം-സമ്പന്ന കുടുംബങ്ങളിൽ നിന്നുള്ളവരുമാണെന്നും വിജെവർധനെ പറഞ്ഞു. ചാവേറുകളിലൊരാൾ ബ്രിട്ടനിൽനിന്ന് ബിരുദവും ഓസ്ട്രേലിയയിൽനിന്ന് ബിരുദാനന്തരബിരുദവും നേടിയയാളാണ്. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ബ്രിട്ടീഷ് അധികൃതരിൽനിന്ന് ലഭിച്ചിട്ടുണ്ട്. ഷാൻഗ്രിലാ, സിനമൺ ഗ്രാന്റ് ഹോട്ടലുകളിൽ ആക്രമണം നടത്തിയ ചാവേറുകൾ സഹോദരങ്ങളാണെന്നും കൊളംബോയിലെ പ്രമുഖ സുഗന്ധവ്യഞ്ജനവ്യാപാരിയുടെ മക്കളാണിവരെന്നും അദ്ദേഹം പറഞ്ഞു. മൊറോക്കോ നൽകിയ വിവരങ്ങളും അക്രമികളെ തിരിച്ചറിയാൻ സഹായിച്ചു. ശ്രീലങ്കയ്ക്കുപുറമേ ഇന്ത്യയ്ക്കും മൊറോക്കോ ഈ വിവരങ്ങൾ കൈമാറിയിട്ടുണ്ട്.
ആക്രമണങ്ങളുമായി ബന്ധപ്പെട്ട് 18 പേരെക്കൂടി ബുധനാഴ്ച അറസ്റ്റുചെയ്തതായി സർക്കാർവക്താവ് റുവാൻ ഗുണശേഖര പറഞ്ഞു. ഇതോടെ അറസ്റ്റിലായവരുടെ ആകെ എണ്ണം 60 ആയി. ഒരു സിറിയൻപൗരനും ഇതിലുൾപ്പെടുന്നു.
ബുധനാഴ്ച കൊളംബോയ്ക്ക് സമീപം സ്ഫോടകവസ്തുക്കൾ നിറച്ച മോട്ടോർബൈക്ക് കണ്ടെത്തി. ഇതുൾപ്പെടെ രണ്ടിടങ്ങളിൽ പോലീസ് നിയന്ത്രിത സ്ഫോടനങ്ങൾ നടത്തി. സംഭവങ്ങളിൽ ആർക്കും പരിക്കില്ല.
പ്രതിരോധസെക്രട്ടറിയോടും പോലീസ് മേധാവിയോടും രാജിയാവശ്യപ്പെട്ടു
ശ്രീലങ്കയിൽ സുരക്ഷാവീഴ്ചയുമായി ബന്ധപ്പെട്ട് പ്രതിരോധസെക്രട്ടറി ഹെമസിരി ഫെർണാൻഡോയോടും പോലീസ് മേധാവി പുജിത് ജയസുന്ദരെയോടും പ്രസിഡന്റ് മൈത്രിപാല സിരിസേന രാജിയാവശ്യപ്പെട്ടു. ആക്രമണമുണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിട്ടും മുൻകരുതലെടുക്കുന്നതിൽ വീഴ്ച വരുത്തിയതിലാണ് നടപടി.