കൊളംബോ: അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടും ശ്രീലങ്കയിലെ വര്‍ഗീയകലാപത്തിന് അയവില്ല. കലാപത്തിന്റെ കേന്ദ്രമായ കാന്‍ഡിയില്‍ ബുധനാഴ്ച മുസ്!ലിങ്ങളുടെ ഉടമസ്ഥതയിലുള്ള വ്യാപാരസ്ഥാപനങ്ങള്‍ക്ക് തീയിട്ടു. ഇവിടെ തിങ്കളാഴ്ച ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ തുടരുകയാണ്. മധ്യ ശ്രീലങ്കയില്‍ കലാപകാരികളെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
 
ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹികമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. കാന്‍ഡിയുടെ പ്രാന്തപ്രദേശമായ മെനിഖിന്നയില്‍ ചൊവ്വാഴ്ച രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപോലീസുകാര്‍ക്ക് പരിക്കേറ്റതായി പോലീസ് വക്താവ് റുവാന്‍ ഗുണശേഖര അറിയിച്ചു. നിരോധനാജ്ഞ ലംഘിച്ചതിനും മേഖലയില്‍ സംഘര്‍ഷം പടര്‍ത്താന്‍ ശ്രമിച്ചതിനും ഏഴുപേരെ അറസ്റ്റ് ചെയ്തു.
 
സംഘര്‍ഷം നിയന്ത്രിക്കുന്നതിനായി കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഇത് സംഘടിതകലാപമാണെന്നും പിന്നില്‍പ്രവര്‍ത്തിച്ച നാലുപേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടന്‍തന്നെ അറസ്റ്റ് ചെയ്യുമെന്നും സര്‍ക്കാര്‍വക്താവ് രജിത സേനരത്‌നെ പറഞ്ഞു. ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹികമാധ്യമങ്ങള്‍ക്കും ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി. മുസ്!ലിംവിരുദ്ധവികാരം പടര്‍ത്താനായി കലാപകാരികള്‍ സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിക്കുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്നാണിത്.
 
നിയന്ത്രണം താത്കാലികമാണെന്നും വൈകാതെ പിന്‍വലിക്കുമെന്നും അധികൃതര്‍ പറഞ്ഞു. കലാപത്തില്‍ ഇതുവരെ ഒരു സിംഹളനും ഒരു മുസ്!ലിം യുവാവും കൊല്ലപ്പെട്ടു. രണ്ടുദിവസത്തിനുള്ളില്‍ നൂറ്റന്‍പതിലേറെ വീടുകളും കടകളും വാഹനങ്ങളും തീവെച്ചുനശിപ്പിച്ചു. ബുദ്ധമതവിശ്വാസികളായ സിംഹളരും ന്യൂനപക്ഷമായ മുസ്!ലിങ്ങളും തമ്മില്‍ ആഴ്ചകള്‍ക്ക് മുന്‍പേയാരംഭിച്ച സംഘര്‍ഷം രൂക്ഷമായതോടെ ചൊവ്വാഴ്ചയാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ പത്തുദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.