കൊളംബോ: മുസ്!ലിം വിരുദ്ധ കലാപം രൂക്ഷമായ ശ്രീലങ്കയില്‍ 10 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് മൈത്രീപാല സിരിസേനയുടെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിനു ശേഷമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഒരാഴ്ചയായി തുടരുന്ന മുസ്!ലിം- സിംഹള കലാപത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു.
 
​കലാപത്തിന് തുടക്കം കാന്‍ഡിയില്‍
 
കൊളംബോ: സിംഹള വിഭാഗക്കാര്‍ക്കു നല്‍കിയ ഭക്ഷണത്തില്‍ മുസ്ലിം വിഭാഗക്കാരനായ പാചകക്കാരന്‍ ഗര്‍ഭനിരോധന മരുന്നുകള്‍ കലര്‍ത്തിയെന്നാരോപിച്ചാണ് ഒരാഴ്ച മുന്‍പ് കാന്‍ഡിയില്‍ സംഘര്‍ഷം ഉടലെടുത്തത്. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സിംഹളന്‍ കൊല്ലപ്പെട്ടു. ഇതോടെ മുസ്ലിം വിഭാഗത്തിന്റെ വ്യാപാരസ്ഥാപനങ്ങളും പള്ളികളും വീടുകളും വ്യാപകമായി സിംഹളര്‍ തീയിട്ടുനശിപ്പിച്ചു. ഈ ആക്രമണത്തില്‍ മുസ്!ലിം യുവാവ് കൊല്ലപ്പെട്ടു. സംഘര്‍ഷം കൂടുതല്‍ മേഖലയിലേക്ക് പടരാതിരിക്കാനാണ് രാജ്യമാകെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. സംഭവത്തെത്തുടര്‍ന്ന് മുസ്ലിം ന്യൂനപക്ഷത്തോട് പാര്‍ലമെന്റ് ചൊവ്വാഴ്ച ക്ഷമ ചോദിച്ചിരുന്നു. കാന്‍ഡിയില്‍ മുസ്ലിങ്ങളും ബുദ്ധമതവിശ്വാസികളായ സിംഹളരും തമ്മില്‍ നേരത്തേതന്നെ അസ്വാരസ്യങ്ങള്‍ നിലവിലുണ്ട്.

75 ശതമാനത്തോളം ബുദ്ധമതവിശ്വാസികളുള്ള രാജ്യത്തെ മുസ്!ലിം ജനസംഖ്യ 10 ശതമാനമാണ്. മുസ്!ലിങ്ങള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നെന്നാണ് സിംഹള സംഘടനകളുടെ ആരോപണം.

കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ആദ്യമായാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. ആഭ്യന്തരയുദ്ധകാലത്ത് 30 വര്‍ഷത്തോളം അടിയന്തരാവസ്ഥയ്ക്ക് കീഴിലായിരുന്നു ശ്രീലങ്ക.