കൊളംബോ: മൂന്നുപതിറ്റാണ്ട് നീണ്ട ആഭ്യന്തരയുദ്ധത്തിലുണ്ടായ യുദ്ധക്കുറ്റങ്ങളെക്കുറിച്ച് അന്വേഷണം നടത്തില്ലെന്ന് പ്രഖ്യാപിച്ച് ശ്രീലങ്ക. യുദ്ധക്കുറ്റം അന്വേഷിക്കുമെന്നറിയിച്ച് 2015-ൽ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതിയുമായി (യു.എൻ.എച്ച്.ആർ.സി.) ഒപ്പുവെച്ച പ്രമേയത്തിൽനിന്ന് പിന്മാറുകയാണെന്ന് ശ്രീലങ്ക യു.എൻ. സമിതിയെ അറിയിച്ചു. ഇക്കാര്യം ബുധനാഴ്ച നടക്കുന്ന മനുഷ്യാവകാശ സമിതി സമ്മേളനത്തിൽ ശ്രീലങ്കൻ വിദേശകാര്യമന്ത്രി ദിനേഷ് ഗുണവർധനെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

സമ്മേളനത്തിനു മുൻപായി ശ്രീലങ്കൻ വിദേശകാര്യ സെക്രട്ടറി രവിനാഥ ആര്യസിൻഹ ഇക്കാര്യം യു.എൻ.എച്ച്.ആർ.സി. പ്രസിഡന്റ് എലിസബത്ത് തിച്ചി ഫിസ്സിൽബർഗറിനെ ധരിപ്പിച്ചിരുന്നു. ബുധനാഴ്ച യു.എൻ. മനുഷ്യാവകാശ സമിതി ഹൈക്കമ്മിഷണർ മിഷേൽ മാച്‍ലൈറ്റുമായും ഗുണവർധനെ കൂടിക്കാഴ്ച നടത്തും.

യു.എസ്., ബ്രിട്ടൻ, ഓസ്ട്രേലിയ, ജർമനി തുടങ്ങി 11 രാജ്യങ്ങൾക്കൊപ്പമാണ് ശ്രീലങ്ക 2015-ൽ പ്രമേയത്തിൽ ഒപ്പുവെച്ചത്. 26 വർഷം നീണ്ട് 2009-ൽ അവസാനിച്ച ആഭ്യന്തരയുദ്ധത്തിൽ അരങ്ങേറിയ ഗുരുതര മനുഷ്യാവകാശ ലംഘനങ്ങളിൽ ശ്രീലങ്ക അന്വേഷണം നടത്തണമെന്നാണ് പ്രമേയത്തിന്റെ കാതൽ. പതിനായിരക്കണക്കിനു പേരുടെ തിരോധാനത്തിൽ അന്വേഷണം നടത്തണമെന്നും ആഭ്യന്തരയുദ്ധത്തിനിടെ നടന്ന യുദ്ധക്കുറ്റങ്ങളുടെ സൂത്രധാരന്മാരെ കണ്ടെത്തണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. പ്രമേയം നടപ്പാക്കാനായി നാലുവർഷം യു.എൻ. ശ്രീലങ്കയ്ക്ക് നീട്ടിനൽകുകയും ചെയ്തു.

ആഭ്യന്തരയുദ്ധത്തിനിടെ നടന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ പങ്കുണ്ടെന്നാരോപിച്ച് ശ്രീലങ്കൻ സൈനികമേധാവി ജനറൽ ഷവേന്ദ്ര സിൽവയ്ക്കും അടുത്ത ബന്ധുക്കൾക്കും യാത്രാവിലക്കേർപ്പെടുത്തിയതിനു പിന്നാലെയാണ് ശ്രീലങ്കയുടെ പിന്മാറ്റം. സിൽവയ്ക്ക് യാത്രാവിലക്കേർപ്പെടുത്താനുള്ള യു.എസ്. തീരുമാനത്തിനെതിരേ ശ്രീലങ്കയിൽ ഭരണ-പ്രതിപക്ഷ ഭേദമെന്യേ എതിർപ്പുയരുന്നുണ്ട്.

യു.എന്നിന്റെ കണക്കനുസരിച്ച് ആഭ്യന്തരയുദ്ധക്കാലയളവിൽ ഒരു ലക്ഷത്തോളം പേരാണ് ശ്രീലങ്കയിൽ കൊല്ലപ്പെട്ടത്. ഇതിലേറിയ പങ്കും തമിഴ് വംശജരാണ്.

Content Highlights: Sri Lanka withdraws from UN resolution on reconciliation and human rights