കൊളംബോ: ശ്രീലങ്കയിൽ ആഭ്യന്തരയുദ്ധത്തിനിടെ കാണാതായ ഇരുപതിനായിരത്തോളം പേരും മരിച്ചുവെന്ന് പ്രസിഡന്റ് ഗോതാബയ രാജപക്സെ. ഇതാദ്യമായാണ് ഇവർ മരിച്ചതായി ശ്രീലങ്കൻ ഭരണകൂടം അംഗീകരിക്കുന്നത്. ശ്രീലങ്കയിൽ 30 വർഷംനീണ്ട ആഭ്യന്തരയുദ്ധകാലത്ത് പ്രതിരോധസെക്രട്ടറികൂടിയായിരുന്ന ഗോതാബയ കൊളംബോയിൽ ഐക്യരാഷ്ട്രസഭാപ്രതിനിധി ഹാനാ സിങ്ങറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കാണാതായവരുടെ മരണസർട്ടിഫിക്കറ്റുകൾ വിതരണംചെയ്യാനുള്ള നടപടികൾ തുടങ്ങിയതായും ഗോതാബയയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.

തമിഴ് പുലികളെ പരാജയപ്പെടുത്തി രാജ്യത്ത് 26 വർഷംനീണ്ട ആഭ്യന്തരയുദ്ധം 2009-ലാണ് ശ്രീലങ്കൻസൈന്യം അവസാനിപ്പിച്ചത്. യുദ്ധത്തിൽ ഒരുലക്ഷത്തോളംപേർ കൊല്ലപ്പെടുകയും ഇരുപതിനായിരത്തോളംപേരെ കാണാതാകുകയും ചെയ്തിരുന്നു. കാണാതായവരിൽ ഭൂരിഭാഗവും തമിഴ് വംശജരാണ്. ഇവരെക്കുറിച്ച് വിവരം നൽകണമെന്നാവശ്യപ്പെട്ട് ഇവരുടെ ബന്ധുക്കൾ ശ്രീലങ്കയിൽ റാലികൾ സംഘടിപ്പിച്ചിരുന്നു.

Content Highlights: Sri Lanka civil war